ജില്ലയിലെ ഗോത്ര വിഭാഗക്കാരായ കുട്ടികള്‍ക്ക് കായിക മേഖലയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിന്റെ പുതിയ കെട്ടിടം സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഗോത്ര വിഭാഗത്തിലുള്ള കുട്ടികള്‍ കൂടുതലായുള്ള ജില്ലയില്‍ അവര്‍ക്കായി പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യണം. മലയോര മേഖലയിലെ കുട്ടികള്‍ കായിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവരാണെന്നും മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലയിലും കേന്ദ്രീകൃത ഹോസ്റ്റല്‍ സംവിധാനമൊരുക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതത് ജില്ലകളില്‍ തന്നെ താമസിച്ച് പരിശീലനം നേടാന്‍ ഇത് വഴി സാധിക്കുമെന്നും അവര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ് സ്‌പോര്‍ട്‌സ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജി.വി രാജ അവാര്‍ഡ് നേടിയ കൃഷ്ണകുമാറിനെ ചടങ്ങില്‍ ആദരിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് യൂസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു, സെക്രട്ടറി എ.ടി ഷണ്‍മുഖന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം.ആര്‍ രജ്ഞിത്ത്, കെ. റഫീഖ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത തുടങ്ങിയവര്‍ പങ്കെടുത്തു.