കൊച്ചി: കടമക്കുടി പഞ്ചായത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഫിഷറീസ് വകുപ്പ് വഴി ലൈഫ് മിഷൻ വീടുകൾ നൽകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വീട് പണിയുന്നതിന് മത്സ്യത്തൊഴിലാളികൾക്കും പട്ടികജാതി വിഭാഗക്കാർക്കും
തീരദേശ പരിപാലന നിയമം ബാധകമല്ലെന്ന് മന്ത്രി പറഞ്ഞു. മാർച്ച് അഞ്ചിനകം അർഹതയുള്ള മത്സ്യത്തൊഴിലാളികളുടെ പേരുകൾ നൽകാൻ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.

കടമക്കുടിയിലെ ജലാശയങ്ങൾ കൃത്യമായി ഒരു നെല്ലും ഒരു മീനും കൃഷിചെയ്യുന്ന രീതിയിൽ ആക്കണമെന്ന് മന്ത്രി പറഞ്ഞു. കൃഷിക്ക് ഒട്ടും യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ചെമ്മീൻ കൃഷി ചെയ്യാവുന്നതാണ്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്ക് ഇതിനായി സംയുക്ത പ്രോജക്റ്റ് തയ്യാറാക്കാം. നമ്മുടെ ഭൗതിക സാഹചര്യങ്ങൾ എങ്ങനെ സാമ്പത്തികനേട്ടമാക്കി മാറ്റാം എന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. കടമക്കുടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പുതിയ അക്കാഡമിക് ബ്ലോക്കിൻ്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിൻ്റെ 2016 -17 മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 280 ലക്ഷം രൂപ മുതൽ മുടക്കിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്. താഴത്തെ നിലയിൽ നാല് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയും രണ്ടാമത്തെ നിലയിൽ ഒരു ക്ലാസ് മുറിയും മൂന്ന് ലാബുകളും മൂന്നാമത്തെ നിലയിൽ ലാബ്, ലൈബ്രറി, ഹാൾ എന്നിവ കൂടാതെ എല്ലാ നിലകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചി മുറികൾ എന്നിവ പുതിയ ബ്ലോക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 10 ലക്ഷം രൂപയുടെ ഫർണിച്ചറുകളും ലാബ് ഉപകരണങ്ങളും പദ്ധതിയിലൂടെ വാങ്ങിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഏഴ്, എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് നൽകുന്ന സൗജന്യ സൈക്കിൾ വിതരണവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പെൺകുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് സഹായകമായ വിധത്തിൽ ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ യാത്രാ സൗകര്യം ഒരുക്കുക, സ്വാശ്രയത്വവും ആത്മവിശ്വാസവും വളർത്തുക, റോഡ് സുരക്ഷാ നിയമങ്ങളെ കുറിച്ച് അവബോധം നൽകുക, ഗതാഗതക്കുരുക്കുകളിൽ പെടാതെ സ്കൂളിൽ കൃത്യസമയത്ത് എത്തിച്ചേരുന്നതിനു സഹായിക്കുക, അവരിൽ ആരോഗ്യപരമായ ദിനചര്യകൾ വികസിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ 137 പെൺകുട്ടികൾക്കാണ് സൈക്കിൾ നൽകുന്നത്.

എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും കടമക്കുടിക്ക് പുതുതായി ഒരു ബസ്സ് അനുവദിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച വൈപ്പിൻ എംഎൽഎ എസ്. ശർമ പറഞ്ഞു.
സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ചീഫ് എൻജിനീയർ ബി.ടി.വി കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ പി.എ ഷെയ്ക് പരീത്, പെട്രോനെറ്റ് എൽഎൻജി ജനറൽ മാനേജർ യോഗാനന്ദ റെഡ്ഡി, ഫിഷറീസ് ജോയിൻ ഡയറക്ടർ എം.എസ് സാജു, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം സോനാ ജയരാജ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം. ആർ ആൻ്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം സീന ഫ്രാൻസിസ്, കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാലിനി ബാബു, വിഎച്ച്എസ്ഇ അസിസ്റ്റൻ്റ് ഡയറക്ടർ ലിജി ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.