ഇടുക്കി: കോവിഡ് വൈറസ് ബാധയെ നേരിടുന്നതിന് സമൂഹത്തിലെ ഓരോ വീടും ഓരോ വ്യക്തിയും കര്‍മ സജ്ജരാകണമെന്ന് മന്ത്രി എം എം മണി. മൂന്നാര്‍ ചിന്നക്കനാലില്‍ ചേര്‍ന്ന ബോധവത്കരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എസ്. രാജേന്ദ്രന്‍ എം എല്‍ എ യോഗത്തില്‍ അധ്യക്ഷനായിരുന്നു. സര്‍ക്കാരിന്റെയും പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെയും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ തയാറാകണം.

ഹോം സ്റ്റേകളും റിസോര്‍ട്ടുകളും വളരെയധികമുള്ള സ്ഥലമാണ് ചിന്നക്കനാല്‍. അതിനാല്‍ ഇവിടങ്ങളില്‍ എത്തുന്ന വിദേശ, സ്വദേശ വിനോദ സഞ്ചാരികളുടെ വിവരം യഥസമയം നടത്തിപ്പുകാര്‍ ആരോഗ്യ വകുപ്പിനെയും പൊലീസിനെയും അറിയിക്കണം’ ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.തണുത്ത കാലാവസ്ഥയുള്ളതിനാല്‍ മൂന്നാര്‍ മേഖലയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യത കൂടുതലാണ്. താരതമ്യേന അപകടകാരിയല്ലാത്ത കോവിഡ് രോഗത്തെ പേടിക്കുകയല്ല,  ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്.

ഇതിനായി എല്ലാവരും അടുത്ത രണ്ടാഴ്ച യുദ്ധകാലാടിസ്ഥാനത്തില്‍ രോഗപ്രതിരോധത്തിനായി പ്രവര്‍ത്തിക്കണം. മറ്റ് ഏതെങ്കിലും രോഗമുള്ളവര്‍ അത് കൃത്യമായി അടുത്തുള്ള പി.എച്ച്‌സികളില്‍ അറിയിക്കണം. നിലവില്‍ വളരെ മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍ നിലവിലുള്ള സ്ഥിതിഗതികളും ഡെ. ഡി എം ഒ ഡോ. പി.കെ സുഷമ ജാഗ്രതാ നടപടികളും വിശദീകരിച്ചു. മറ്റ് ജനപ്രതിനിധികള്‍, റിസോര്‍ട്ട്, ഹോം സ്റ്റേ  പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.