കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 52 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ 398 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ബുധനാഴ്ച രണ്ട് സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. ഇതുവരെ അയച്ച 26 സാമ്പിളുകളില്‍ 13 പേരുടെ ഫലം നെഗറ്റീവ് ആണ്. 13 പേരുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ മതപരമായ ചടങ്ങുകളില്‍ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാതെ നിയന്ത്രിക്കാന്‍ മത സമുദായ സംഘടനാ നേതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള പറഞ്ഞു. ജില്ലയില്‍ അഞ്ചിടങ്ങളില്‍ കൊറോണ കെയര്‍ സെന്റര്‍ ഒരുക്കും. പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റല്‍, കര്‍ളാട് തടാകം, പ്രിയദര്‍ശിനി എസ്റ്റേറ്റ്, ഡി.ടി.പി.സിയുടെ തിരുനെല്ലി, മീനങ്ങാടി സെന്ററുകള്‍ എന്നിവിടങ്ങളിലാണ് കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നത്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആയുര്‍വ്വേദം, യുനാനി, ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന 35 ക്യാമ്പുകളിലായി 608 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. തൊഴിലാളി നേതാക്കന്മാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിലൂടെ ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ജനമൈത്രി പോലീസും ആരോഗ്യ വകുപ്പിന്റെ പാലിയേറ്റീവ് വളണ്ടിയര്‍മാരും ചേര്‍ന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച പ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നുണ്ട്.
അതിര്‍ത്തിയില്‍ 2084 വാഹനങ്ങള്‍ പരിശോധിച്ചു. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ക്ക് കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗ വ്യാപനം തടയുന്നതിനായി ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ശക്തമാക്കും. അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാരെ ആരോഗ്യ വകുപ്പിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വിന്യസിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിവരങ്ങള്‍ ജനമൈത്രി പോലീസ് വിലയിരുത്തുന്നുണ്ട്.