ആലപ്പുഴ: കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായ സാനിറ്റൈസറിന് വിപണിയിൽ ഉള്ള ലഭ്യതക്കുറവ് പരിഗണിച്ച് ജില്ലാജയിലിൽ നിന്നും ‘ഫ്രീഡം സാനിറ്റൈസര്‍’ നിർമ്മാണം തുടങ്ങി. കളർകോഡ് എസ് ഡി കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയുടെ മേല്‍നോട്ടത്തില്‍ ജയില്‍ ജീവനക്കാരും അന്തേവാസികളും ചേർന്നാണ് ഗുണനിലവാരമുള്ള സാനിറ്റൈസര്‍ നിർമ്മിക്കുന്നത്. സാനിറ്റൈസറുകള്‍ നിർമ്മിച്ചു തുടങ്ങാൻ കഴിഞ്ഞദിവസം വകുപ്പിന്‍റെ ഉത്തരവ് ലഭിച്ചിരുന്നു.

100 എം എൽ സാനിറ്റൈസറിന് 50 രൂപയാണ് വില ഈടാക്കുന്നത്. ഫ്രീഡം സാനിറ്റൈസര്‍ എന്ന പേരിലാണ് ഇത് വിപണിയിലെത്തുക. സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിട്ടിയില്‍ നിന്ന് ഇപ്പോള്‍ തന്നെ സാനിറ്റൈസര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ല ജെയില്‍ സൂപ്രണ്ട് ആര്‍.സാജന്‍ പറഞ്ഞു. കൂടാതെ കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന മാസ്കും ജയിലിലെ അന്തേവാസികൾ തന്നെ നിർമ്മിക്കുന്നുണ്ട്. ഒരു മാസ്കിന് 10 രൂപയാണ് വില. ഇത് അണുവിമുക്തമാക്കിയ ശേഷമാണ് വിപണിയിലെത്തിക്കുന്നത്. ഐസോ പ്രൊപ്പൈല്‍ ആൽക്കഹോൾ, ഗ്ലിസറിൻ, ഹൈഡ്രജൻ പെറോക്സൈഡ് , അലോയ് വെര ജെൽ, അയണൈസ്ഡ് വാട്ടര്‍ , അനുവദനീയമായ പെർഫ്യൂം എന്നിവ നിശ്ചിത അളവിൽ ചേർത്ത് രസതന്ത്ര വിഭാഗത്തിന്‍റെ മാർഗ നിർദേശ പ്രകാരമാണ് സാനിറ്റൈസര്‍ നിർമ്മിക്കുന്നത് .

എസ്.ഡി.കോളജ് രസതന്ത്ര വിഭാഗം മേധാവി ഡോ.ബി.ഉഷാകുമാരി, ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകന്‍ ഡോ.ജി.നാഗേന്ദ്ര പ്രഭു, ഡോ.പി.എസ്.പരമേശ്വരന്‍, ഡോ.കെ.എച്ച്.പ്രേമ, ഷൈന്‍ ആര്‍.ചന്ദ്രന്‍, ലാബ് ജീവനക്കാരന്‍ ബാബു തുടങ്ങിയവരാണ് തടവുകാര്‍ക്ക് പരിശീലനം നല്‍കിയത്. എസ്.ഡി.കോളജ് തയ്യാറാക്കിയ കൊറോണ പ്രതിരോധ പോസ്റ്ററുകളും അന്തേവാസികള്‍ക്ക് കൈമാറി. അസിസ്റ്റന്‍റ് സൂപ്രണ്ട് പ്രതാപനും സന്നിഹിതനായി.