കൊച്ചി: ശുചിത്വ സംരക്ഷണം, മാലിന്യനീക്കം എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ സ്വച്ഛത ആപ്പ്. കേന്ദ്ര നഗരകാര്യ മന്ത്രാലയവും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനഗ്രഹയും ചേര്‍ന്നു ഒരുക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണുകളിലും വെബ്‌സൈറ്റിലും ലഭ്യമാണെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ സിജു തോമസ് അറിയിച്ചു.
പരാതികള്‍ ഈ അപ്ലിക്കേഷന്‍ വഴി ബന്ധപ്പെട്ട നഗരസഭയ്ക്ക് കൈമാറാന്‍ കഴിയും. അതത് മേഖലകളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ ഫോണില്‍ പരാതി എത്തും. സമയബന്ധിതമായി പരാതി പരിഹിക്കാന്‍ സ്വീകരിക്കുന്ന നടപടികളും ആപ്ലിക്കേഷനിലൂടെ വ്യക്തമാകും. മാലിന്യങ്ങള്‍, ചത്ത മൃഗങ്ങള്‍, പൊതു ശൗചാലയം എന്നിവനോ സംബന്ധിച്ച പരാതികള്‍, വൃത്തിയാക്കാത്ത മാലിന്യ വീപ്പകള്‍ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം സ്വച്ഛത ആപ്പിലൂടെ അറിയിക്കാം.
മൊബൈലിന്റെ പ്ലേസ്റ്റോറില്‍ നിന്ന് സ്വച്ഛത ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പര്‍ നല്‍കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പരാതി സംബന്ധിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത്, സ്ഥലം കൃത്യമായി രേഖപ്പെടുത്തണം. പരാതി ഫോട്ടോ സഹിതം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയും, അവര്‍ ഇത് സംബന്ധിച്ച് എടുക്കുന്ന നടപടികളെക്കുറിച്ച് അറിയിപ്പ് ലഭിക്കുകയും ചെയ്യുന്നു. നടപടിയില്‍ തൃപ്തരല്ലെങ്കില്‍, പരാതി വീണ്ടും റീപോസ്റ്റ് ചെയ്യാവുന്നതാണ്. തൃപ്തരാണെങ്കില്‍ സ്റ്റാറ്റസ് ബാറില്‍ റിസോള്‍വ്ഡ് സ്റ്റാറ്റസ് നല്‍കാനുമാകും.