ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി പ്രശാന്തി എന്ന പേരിൽ പുതിയ പദ്ധതി നടപ്പിലാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബൈഹ്‌റ അറിയിച്ചു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതുവഴി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധർക്കുണ്ടായ ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നതിനാണ്് പുതിയ പദ്ധതി.
ഒറ്റപ്പെടൽ, ജീവിതശൈലീരോഗങ്ങൾ, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക എന്നിങ്ങനെ വയോജനങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുറത്തിറങ്ങുന്നതിനും യാത്രചെയ്യുന്നതിനും വയോജനങ്ങൾക്ക് കർശന വിലക്കുളളതിനാൽ അക്ഷരാർത്ഥത്തിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇവർക്ക് മാനസിക പിന്തുണ നൽകുന്നതിനായി തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ഹെൽപ് ആന്റ് അസിസ്റ്റൻസ് റ്റു ടാക്കിൾ സ്‌ട്രെസ് സെന്ററിൽ (HATS) പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്ററും സജ്ജീകരിച്ചു (ഫോൺ 9497900035, 9497900045). വയോജനങ്ങളുടെ പ്രശ്‌നങ്ങൾ ക്ഷമാപൂർവ്വം കേട്ട് അനുയോജ്യമായ പരിഹാരം കണ്ടെത്തുന്നതിന് പ്രത്യേക പരിശീലനം നൽകിയ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് കോൾ സെന്ററിൽ നിയോഗിച്ചിരിക്കുന്നത്. ജനമൈത്രി നോഡൽ ഓഫീസറായ ഐ.ജി എസ്.ശ്രീജിത്തിനാണ് പരിശീലനത്തിന്റെ ചുമതല.
ജനമൈത്രി പോലീസിന്റെ ഗൃഹസന്ദർശങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ഇതിനുപുറമെയാണ് ലോക്ഡൗൺ കാലത്ത് ഇവർക്കുണ്ടാകുന്ന ശാരീരിക മാനസികാസ്വാസ്ഥ്യങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയത്.