ഭാഗ്യക്കുറിയെ പൂർണമായി സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭാഗ്യക്കുറി സുവർണ ജൂബിലി സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഗ്യക്കുറിയുടെ മൊത്തവരുമാനം പതിനായിരം കോടി രൂപയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനമാണ് സർക്കാരും ഭാഗ്യക്കുറി വകുപ്പും നടത്തുന്നത്. ഭാഗ്യക്കുറി ടിക്കറ്റിന്റെ സുരക്ഷ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. വ്യാജ ലോട്ടറികളാണ് ഒരു പ്രധാന പ്രശ്നം. വ്യാജലോട്ടറികൾ ഒഴിവാക്കാനായി വലിയ സുരക്ഷയുള്ള പ്രസുകളിലാണ് സർക്കാർ ലോട്ടറി അച്ചടിക്കുന്നത്. ഭാഗ്യക്കുറിയുടെ അൻപത് വർഷം ആഘോഷിക്കുന്ന വേളയിൽ ഭാഗ്യക്കുറി നറുക്കെടുപ്പ് തൽസമയം സംപ്രേക്ഷണം ചെയ്യാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയാണ്. എഴുത്തു ലോട്ടറിയും ഇതര സംസ്ഥാന ലോട്ടറിയുമാണ് ഭാഗ്യക്കുറി പ്രസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധികൾ. എഴുത്തു ലോട്ടറികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ടു പോകും. ഇതുമായി ബന്ധപ്പെട്ട് 62 പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. കേന്ദ്രീകൃത മാഫിയയാണ് ഇതിനു പിന്നിൽ. സംസ്ഥാനത്തെ ഭാഗ്യക്കുറി വ്യവസായത്തെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനെതിരെ മുഴുവൻ ജനങ്ങളും ജാഗ്രത പാലിക്കണം. ഇതരസംസ്ഥാന ലോട്ടറികളും കേരളത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതിനെ ഒറ്റക്കെട്ടായി തടഞ്ഞു.
സംസ്ഥാന ലോട്ടറിയിൽ നിന്നുള്ള മുഴുവൻ വരുമാനവും ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയോടെയുള്ള നടപടിയാണിത്. ഒരു ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ ഭാഗ്യപരീക്ഷണം മാത്രമല്ല നടക്കുന്നത്, നാട്ടിലെ ജനങ്ങളുടെ ആരോഗ്യ രക്ഷയ്ക്കായുള്ള സംഭാവന കൂടിയാണത്. ഇതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ നേട്ടം നാടിനാകെ എന്ന സ്ഥിതിയാകും. കാരുണ്യ ബെനവലന്റ് ഫണ്ടിൽ ഇതുവരെ 1600 കോടി രൂപ ചികിത്സാ സഹായമായി വിതരണം ചെയ്തു. സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്ക് ഉതകുന്ന പ്രസ്ഥാനമായി ഭാഗ്യക്കുറി മാറുകയാണ്. രണ്ടരലക്ഷം പേരുടെ ഉപജീവന മാർഗമാണ് ലോട്ടറി. ലോട്ടറി തുടങ്ങിയ 196768 കാലത്ത് 14 ലക്ഷം രൂപയായിരുന്നു ലാഭമെങ്കിൽ 201617ൽ ഇത് 1691 കോടി രൂപയായി. 96 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാനത്ത് പ്രതിദിനം വിറ്റഴിയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായി ലോട്ടറി ഉയർന്നു വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ലോട്ടറിയിൽ ചെറിയ സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ലോട്ടറിയുടെ 50 വർഷം പ്രമാണിച്ച് ലോട്ടറി ക്ഷേമനിധി ആനുകൂല്യം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എഴുത്തു ലോട്ടറി തട്ടിപ്പാണ്. ഇത് തടയാനുള്ള മാർഗമെന്ന നിലയിലാണ് ഒരു മാസത്തിനുള്ളിൽ ലോട്ടറി നറുക്കെടുപ്പിന്റെ തൽസമയ സംപ്രേക്ഷണം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ 12 ശതമാനം പേർ ദരിദ്രരാകുന്നത് രോഗത്തിനുള്ള ചികിത്സയിലൂടെയാണെന്ന് കേന്ദ്ര കണക്കുകൾ വ്യക്തമാക്കുന്നു. ലോട്ടറിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ വരെ സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് ലഭ്യമാക്കും. സമ്മാനം, കമ്മീഷൻ എന്നിവ കഴിച്ച് ആയിരം കോടി രൂപ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കേരളത്തിൽ ആരംഭിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ പുരസ്കാരങ്ങൾ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. മേയർ വി. കെ. പ്രശാന്ത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ, നികുതി വകുപ്പ് സെക്രട്ടറി മിൻഹാജ് ആലം, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ്, കൗൺസലർ പാളയം രാജൻ, ഭാഗ്യക്കുറി ക്ഷേമബോർഡ് ചെയർമാൻ പി. ആർ. ജയപ്രകാശ്, ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് ഭാഗ്യോൽസവം കലാസാംസ്കാരിക പരിപാടി അരങ്ങേറി.
ഭാഗ്യക്കുറിയെ പൂർണമായി സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കും: മുഖ്യമന്ത്രി
Home /പൊതു വാർത്തകൾ/ഭാഗ്യക്കുറിയെ പൂർണമായി സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കും: മുഖ്യമന്ത്രി