കല്ലറയെ നെല്ലറയാക്കുവാനുളള സര്‍ക്കാരിന്റെ ഉദ്യമം ഫലം കണ്ടുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി. കല്ലറ ഗ്രാമപഞ്ചായത്ത് തരിശുനില നെല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി മാലിക്കരി-ചേനക്കാല പാടശേഖരത്തിലെ കൊയ്ത്തുല്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തരിശുനിലകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റി. ഇപ്പോള്‍ മീനച്ചിലാര്‍-മീനന്തറയാര്‍ -കൊടൂരാര്‍ സംയോജനത്തിലൂടെ നീര്‍ത്തടങ്ങളും കൃഷിയും സംരക്ഷിക്കുന്നതിന് ജില്ലയൊട്ടാകെ മുന്നിട്ടിറങ്ങിയതായും അദ്ദേഹം പറഞ്ഞു. കല്ലറ തീയ്യത്ത് ക്ഷേത്ര മൈതാനിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീലാ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി കെ ഉത്തമന്, കൃഷി അസി.ഡയറക്ടര്‍ എലിസബത്ത് പുന്നൂസ്, കൃഷി ഓഫീസര്‍ ജോസഫ് റഫിന് ജെഫ്രി, കല്ലറ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ രമ പ്രസന്നന്, കെ എന്‍ വേണുഗോപാല്‍, സൗമ്യ അനൂപ്, തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കൃഷി ഓഫീസര്‍ എസ്. ജയലളിത, ആത്മ പ്രോജക്ട് ഡയറക്ടര്‍ ടെസ്സി ജോസഫ് എന്നിവര്‍ പദ്ധതികള്‍ വിശദീകരിച്ചു. കൃഷിയിറക്കിയ കര്‍ഷക പ്രതിനിധികളായ ശ്രീധരന്, ശ്രീനിവാസന്,വിജയന് മുണ്ടാര്‍, ശ്രീധരന് അമ്പാട്ടുമുക്കില്‍,സാബു, കുടുംബശ്രീ അംഗങ്ങളായ ഷീല ഷാജി, മഞ്ജു, തങ്കമ്മ രമണന്, ബേബി വിനോദിനി, മായാദേവി എന്നിവരെ യോഗത്തില്‍ ആദരിച്ചു.
ഉദ്ഘാടനത്തിനു ശേഷം ആദ്യ കതിര്‍ക്കറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപും മെമ്പര്‍മാരും ചേര്‍ന്ന് കൊയ്തെടുത്തു. 253 ഏക്കറിലെ കൃഷിയാണ് കൊയ്ത്തുദ്ഘാടനം നടത്തിയത്. വര്‍ഷങ്ങളായി തരിശു കിടന്ന 426 ഏക്കര്‍ പാടശേഖരത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മന്ത്രി വി എസ് സുനില്‍കുമാറാണ് വിത്തു വിതച്ചത്. ഉമ നെല്‍വിത്താണ് വിതച്ചത്. രാസകീടനാശിനികള്‍ ഒഴിവാക്കി ജൈവ രീതികളാണ് കൃഷിക്ക് അവലംബിച്ചത്. ട്രൈക്കോ കാര്‍ഡ്, ഫിറമോണ്‍ ട്രാപ്പ്, ഇരണ്ട പക്ഷികളുടെ ആക്രമണം തടയാന്‍ റിഫ്ളക്ടര് ലൈറ്റുകള്‍ കതിര് തിന്നുന്ന പ്രാണികളില്‍ നിന്ന് രക്ഷ നേടാന്‍ സോളാര്‍ ലൈറ്റ് ട്രാപ്പ് തുടങ്ങി വ്യത്യസ്തമായ ജൈവ പ്രതിരോധ രീതികളാണ് കൃഷിക്ക് ഉപയോഗിച്ചത്. രോഗങ്ങളൊന്നുമില്ലാതെ നൂറുമേനി വിളവ് ഇതിലൂടെ നേടാനായെന്ന് കല്ലറ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ജോസഫ് റഫിന് ജെഫ്രി പറഞ്ഞു.
