ആറ്റുകാല്‍ പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനായുള്ള സര്‍ക്കാര്‍തല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആറ്റുകാല്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ അവസാനഘട്ട അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊങ്കാല ഉത്സവം കുറ്റമറ്റരീതിയില്‍ നടത്തുന്നതിന് വിവിധ വകുപ്പുകള്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഏകദേശം നാല്പതു ലക്ഷം സ്ത്രീകള്‍ പൊങ്കാലയില്‍ പങ്കെടുക്കാന്‍ എത്തുമൈന്നാണ് പ്രതീക്ഷ. ക്ഷേത്രത്തിനു സമീപമുള്ള 31 വാര്‍ഡുകളില്‍ അവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന പ്രവൃത്തികള്‍ ഫെബ്രുവരി 25നകം പൂര്‍ത്തിയാക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കുടിവെള്ള വിതരണത്തിന് 1260 പൊതു ടാപ്പുകളും സ്ത്രീകള്‍ക്ക് കുളിക്കാന്‍ 50 ഷവറുകളും സ്ഥാപിക്കും. കൂടുതല്‍ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കാന്‍ മറ്റുതാലൂക്കുകളില്‍നിന്ന് കുടിവെള്ള ടാങ്കറുകള്‍ എത്തിക്കും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. അന്നദാനം, കുടിവെള്ള വിതരണം എന്നിവ നടത്തുന്നവര്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ഇതു സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കും. പരീക്ഷാക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികളെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള ശബ്ദമലിനീകരണം നടത്തിയാല്‍ കര്‍ശന നടപടികളുണ്ടാവും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കും.
ഭക്തരുടെ യാത്രാ സൗകര്യത്തിനായി വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളും ട്രെയിന്‍ ര്‍വീസുകളും നടത്തും. ഫയര്‍ഫോഴ്‌സ്, പോലീസ് സംവിധാനം കാര്യക്ഷമമായി വിന്യസിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 3600 പോലീസുകാരെ നിയോഗിക്കുന്നതില്‍ പകുതിയിലേറെയും വനിതകളായിരിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളും താത്കാലിക ആശുപത്രി സംവിധാനങ്ങളും പ്രവര്‍ത്തിക്കും.
ആറ്റുകാല്‍ പൊങ്കാല ഉത്സവം പ്രമാണിച്ച് മാര്‍ച്ച് രണ്ടിന് തിരുവനന്തപുരം ജില്ലയില്‍ പ്രാദേശികാവധി അനുവദിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അവലോകനയോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി. ജലീല്‍, മേയര്‍വി.കെ. പ്രശാന്ത്, എം.എല്‍.എ മാരായ ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മറ്റു ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ട്രസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
