ഒരോ കുട്ടിയുടേയും കഴിവുകളെ ഏകോപിപ്പിച്ചുള്ള പഠന രീതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിംഗ് കോളജിലെ പുതിയ അക്കാഡമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചു. പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികള്‍ എത്തുന്നത് ഇതിന് തെളിവാണ്. അക്കാഡമിക് നിലവാരം ഉയര്‍ത്തി അടുത്ത ഘട്ടവും മികവുറ്റതാക്കാനാകും. ഭൗതിക സാഹചര്യവികസനത്തിനൊപ്പം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ പ്രയോജനം തലമുറകള്‍ക്ക് കിട്ടുമെന്നും മന്ത്രി പറഞ്ഞു.
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. പി. സുരേഷ്‌കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് തടവിക്കാട് മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം റിച്ചു രാഘവന്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.