ജല അതോറിറ്റിയില്‍ ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കളുടെ വെള്ളക്കര കുടിശ്ശിക പരമാവധി ഇളവുകളോടെ അടയ്ക്കുന്നതിന് മാര്‍ച്ച് ഒന്നുമുതല്‍ 20 വരെ എല്ലാ റവന്യൂ ഡിവിഷനുകളിലും പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മുഖേന കുടിശ്ശിക തീര്‍പ്പാക്കുമ്പോള്‍ നിലവിലുള്ള വാര്‍ഷിക പലിശ നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. ഇപ്പോള്‍ 24 ശതമാനമാണ് വാര്‍ഷികപലിശ.
പിഴ പലിശ പൂര്‍ണമായി ഒഴിവാക്കും. സര്‍ചാര്‍ജില്‍ 50 ശതമാനം ഇളവുണ്ടാകും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലീക്കേജ് ആനുകൂല്യം ഒരുതവണ എന്നതിനു പകരം 10 വര്‍ഷത്തിലൊരിക്കല്‍ എന്ന നിലയില്‍ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും.
ആറുമാസത്തിലധികമായി ബില്ലടയ്ക്കാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പിഴ കൂടാതെ വെള്ളക്കരം അടയ്ക്കാന്‍ അനുവദിക്കും. ദീര്‍ഘകാലങ്ങളായി നിലനില്‍ക്കുന്ന വെള്ളക്കരം സംബന്ധിച്ച തര്‍ക്കവിഷയങ്ങളില്‍ പരമാവധി ഇളവുകള്‍ നല്‍കും. അദാലത്തിലെ അവസരം പ്രയോജനപ്പെടുത്താത്ത ഉപഭോക്താക്കളുടെ കണക്ഷനുകള്‍ മുന്നറിയിപ്പില്ലാതെ വിച്ഛേദിക്കും.