തെരുവ് ബാല്യ -ബാലഭിക്ഷാടന – ബാലവേലയിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശരണബാല്യം പദ്ധതി പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല അവലോകനയോഗം ബാലവേല തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാൻ തീരുമാനിച്ചു. കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ സഹകരണത്തോടെ ഹോട്ടലുകളിൽ ബാലവേലക്കെതിരായ പോസ്റ്ററുകൾ പതിക്കും. സ്‌കൂളുകളിൽ നിന്ന് ഡ്രോപ് ഔട്ട് ആകുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് പഞ്ചായത്ത് തലത്തിൽ അന്വേഷണം നടത്താനും ആവശ്യമെങ്കിൽ പഞ്ചായത്ത് മെമ്പർമാരുടെ സഹായം തേടാനും കളക്ടർ നിർദ്ദേശിച്ചു.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുഖേനയാണ് ശരണബാല്യം പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ താലൂക്ക് തലത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് ബാലവേലയ്ക്കായി ജില്ലയിലെത്തുന്ന അന്യസംസ്ഥാന കുട്ടികളെ കണ്ടെത്തി സ്വദേശത്തേയ്ക്ക് മടക്കി അയക്കുക, 18 വയസ്സിനു താഴെ പ്രായമുള്ളവരെ ജോലി ചെയ്യിക്കുന്ന തൊഴിൽ ദാതാക്കൾക്കെതിരെ ബാലനീതി നിയമപ്രകാരം നിയമനടപടികൾ സ്വീകരിക്കുക, പാതിവഴിയിൽ പഠനം നിർത്തി സ്‌കൂളിൽ നിന്നും പുറത്തായ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ. പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിനും വിവിധ വകുപ്പു മേധാവികൾ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വി.ജെ ബിനോയ്, ചൈൽഡ് വെൽഫെയർ കമ്മറ്റി ചെയർപേഴ്സൺ കെ.യു മേരിക്കുട്ടി, ഫോറസ്റ്റ് ഓഫീസർ റ്റി.സി ത്യാഗരാജ്, ഉപവിദ്യാഭ്യാസ ഡയറക്ടർ അരവിന്ദാക്ഷൻ, എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
