ആലപ്പുഴ: കോവിഡ് 19രോഗ വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി അലഞ്ഞ് തിരിയുന്നവര്‍, അഗതികള്‍, മാനസിക ദൗര്‍ഭല്യമുള്ളവര്‍ എന്നിവരെ സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള നടപടികളെടുത്ത് ജില്ല ഭരണകൂടം. ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലുള്ള ക്രസന്റ് ഓര്‍ഫനേജ്, സക്കറിയ ബസാര്‍ ആലപ്പുഴ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടവും അനുബന്ധ സൗകര്യവും ഈ ആവശ്യത്തിലേക്ക് ഏറ്റെടുത്ത് ജില്ല കളക്ടര്‍ ഉത്തരവായി. ദുരന്ത നിവാരണ വകുപ്പ പ്രകാരമാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ കെട്ടിടം ഏറ്റെടുത്തത്. ഈ സ്ഥാപനത്തിലേക്ക് പാര്‍പ്പിക്കുന്നവരെ സുരക്ഷിതമായി എത്തിക്കുന്നതിനും പാര്‍പ്പിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള ചുമതല ജില്ല സാമൂഹിക നീതി ഓഫീസര്‍ക്കാണ്. കെട്ടിടത്തിന്റെ സൂക്ഷിപ്പ്, പരിപാലന ചുമതലയും സാമൂഹിക നീതി ഓഫീസര്‍ക്കാണ്.
അലഞ്ഞ് തിരിയുന്നവരേയും അഗതികളേയും സുരക്ഷിതമായി പാര്‍പ്പിക്കാനായി ജില്ല സാമൂഹിക നീതി വകുപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ നേരത്തെ ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.