തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ഒ പി ബ്ലോക്കും ഓക്സിജന്‍ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ ആരോഗ്യവകുപ്പിന് കീഴില്‍ ഓക്സിജന്‍ പ്ലാന്റുള്ള സംസ്ഥാനത്തെ ആദ്യ ആശുപത്രിയായി തലശ്ശേരി ജനറല്‍ ആശുപത്രി മാറി.
എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവിട്ടാണ് ഓക്സിജന്‍ പ്ലാന്റ് നിര്‍മിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എന്‍എച്ച്എം ഫണ്ട് ഉപയോഗിച്ചായിരുന്നു ഒപി ബ്ലോക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വിധത്തിലുള്ള സൗകര്യങ്ങളാണ് തലശ്ശേരി ജനറല്‍ ആശുപത്രിയുടെ നവീകരിച്ച ഒപി ബ്ലോക്കില്‍ ഒരുക്കിയിട്ടുള്ളത്. 16 ഒപികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇരിപ്പിടവും സജജീകരിച്ചിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും ഒരുക്കി. മൂന്ന് ഘട്ടമായുള്ള നവീകരണ പ്രവൃത്തിയില്‍ ഇപ്പോള്‍ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. പുതുതായി നിര്‍മിച്ച പ്ലാന്റില്‍ നിന്ന് പൈപ്പ് വഴിയാണ് ഓക്സിജന്‍ വാര്‍ഡുകളില്‍ എത്തിക്കുക.
ഉദ്ഘാടന ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്മാന് സി കെ രമേശന്, സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരി, ആര്‍എംഒ ഡോ. വി എസ് ജിതിന് തുടങ്ങിയവര്‍ പങ്കെടുത്തു.