തൃശൂർ: സാമൂഹിക അകലം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ടയർ നിർമ്മാണ കമ്പനി ആയ സിയാറ്റിനു ആയിരം കുടകൾ നിർമ്മിച്ച് നൽകി. കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്ന ആശയം മുൻനിർത്തിയാണ് രാജ്യത്തെ പ്രമുഖ ടയർ നിർമാണ കമ്പനിയായ സീയാറ്റ് ടയേഴ്‌സ് കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടത്.

കുടകളിലൂടെ സാമൂഹിക അകലം എന്ന ആശയം മുൻനിർത്തി കുടുംബശ്രീ കുട നിർമാണ യൂണിറ്റുകൾ വഴി കൂട നിർമിച്ചു നൽകാനുള്ള ഓർഡർ നൽകുകയും ചെയ്തു. സാമൂഹിക പ്രതിബദ്ധത പ്രവർത്തനത്തിന്റെ (കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി) യുടെ ഭാഗമായി കമ്പനി ലോഗോ പ്രിൻറ് ചെയ്ത 1000 വുഡൻ സ്ട്രയിറ്റ് കുടകളാണ് സിയേറ്റ് കമ്പനി നിർദ്ദേശിച്ച മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച് നൽകിയത്.

തൃശ്ശൂർ ജില്ലയിലെ കുട നിർമ്മാണ യൂണിറ്റുകൾ ആയ വേളൂക്കര പഞ്ചായത്തിലെ നൈസ്, നെന്മണിക്കര പഞ്ചായത്തിലെ ഫ്രണ്ട്‌സ്, വാടാനപ്പിള്ളി പഞ്ചായത്തിലെ ജീവ എന്നീ 3 യൂണിറ്റുകളാണ് സീയെറ്റ് കമ്പനിയുടെ തൃപ്പൂണിത്തറ, കോഴിക്കോട്, തിരുവല്ല എന്നീ മൂന്നു കേന്ദ്രങ്ങളിലേക്ക് കൂടുതൽ നിർമിച്ചു നൽകിയത്.കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയൊരു ഓർഡർ ലഭിച്ചത് കുടുംബശ്രീ കുട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് വളരെയധികം പ്രചോദനകരമായി. തുടർന്നും കുടുംബശ്രീയുമായി ഒത്തുചേർന്ന് നിരവധി പ്രവൃത്തികൾ ചെയ്യുന്നതിന് ഭാരവാഹികൾ താല്പര്യം പ്രകടിപ്പിച്ചതായും കുടുംബ ശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ അറിയിച്ചു.