കോട്ടയം: പൊതുസമ്പര്‍ക്കം ഒഴിവാക്കിയശേഷമുള്ള ആദ്യ ദിനത്തിലും ജില്ലാ കളക്ടര്‍ എം. അഞ്ജന ചുമതലകള്‍ക്ക് ഒഴിവു നല്‍കിയില്ല. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ ക്വാറന്‍റയിനില്‍ കഴിയുന്ന കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് പ്രതിരോധ-ചികിത്സാ സംവിധാനങ്ങളുടെ ഏകോപന നടപടികള്‍ തുടര്‍ന്നു.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതു സാഹചര്യം വിലയിരുത്തുന്ന യോഗത്തോടെയായിരുന്നു ദിവസത്തിന്‍റെ തുടക്കം. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതില്‍ പങ്കെടുത്തത്. തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലും ഉച്ചകഴിഞ്ഞ് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പങ്കെടുത്തു. ഡോക്ടര്‍മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുമായി വീഡിയോ കോളിലൂടെയും ചര്‍ച്ചകള്‍ നടത്തി.

വ്യാഴാഴ്ച്ച വൈകുന്നേരമാണ് ജില്ലാ കളക്ടര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചത്.