തൃശൂർ: ജില്ല ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച ബ്ലഡ് ബാങ്കിന്റെയും കോമ്പൊണന്റ് സെപ്പറേഷൻ യൂണിറ്റിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിച്ചു.
ആർദ്രം പദ്ധതി പ്രകാരം അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ച രോഗി സൗഹൃദ ഒ.പി. കാത്തിരിപ്പു കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാറും നിർവ്വഹിച്ചു.
പ്രസവത്തോടനുബന്ധിച്ച് ഉണ്ടാവുന്ന രക്തസ്രാവം, ഡെങ്കിപ്പനി, എലിപ്പനി മൂലം ഉണ്ടാവുന്ന പ്ലേറ്റ്ലെറ്റിൻറെ അഭാവം, ക്യാൻസർ, കീമോതെറാപ്പി രോഗികൾ, ഡയാലിസിസ് രോഗികൾ, അരിവാൾ രോഗം, താലസീമിയ, ഹീമോഫീലിയ തുടങ്ങി തുടർച്ചയായി രക്തം കയറ്റേണ്ടിവരുന്ന രോഗികളുടെ ചികിത്സയ്ക്ക് രക്തഘടകങ്ങൾ വേർതിരിക്കുന്നതിന് ഏറെ സഹായകരമാണ് ബ്ലഡ് കോമ്പൊണൻറ് സെപ്പറേഷൻ യൂണിറ്റ്.
ജനറൽ ആശുപത്രി കോർപ്പറേഷന് വിട്ടുകിട്ടുന്നതിന് മുൻപും ശേഷവുമുണ്ടായ വികസന പ്രവർത്തനങ്ങളും ഇന്ത്യയിലാദ്യമായി കോവിഡ് -19 ഈ ആശുപത്രിയിൽ സ്ഥിരീകരിച്ചപ്പോൾ അതിനായി എടുത്ത മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും കേരളത്തിനാകെ മാതൃകയാക്കാവുന്നതാണെന്നും അതിനായി പ്രവർത്തിച്ച കോർപ്പറേഷൻ ഭരണസമിതിയേയും ആശുപത്രി ജീവനക്കാരേയും അഭിനന്ദിക്കുന്നതായും ഷൈലജ ടീച്ചർ അറിയിച്ചു. കോർപ്പറേഷന് കീഴിലുളള പി.എച്ച്.സി. കളുടെ പ്രവർത്തനം മാതൃകപരവും രോഗിസൗഹൃദവുമാണെന്നും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മേയർ റാഫി ജോസ്.പി, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എൽ.റോസി, ശാന്ത അപ്പു, ഡി.പി.സി. അംഗം വർഗ്ഗീസ് കണ്ടംകുളത്തി, മുൻ മേയർ അജിത വിജയൻ, കോർപ്പറേഷൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ശ്രീദേവി, ഡി.പി.എം. ഡോ.സതീഷ് സി.പി.ഐ.എം. പ്രതിനിധി കെ.രവീന്ദ്രൻ, ബി.ജെ.പി. പ്രതിനിധി സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവർ സന്നിഹിതരായിരുന്നു.