സംസ്ഥാന സർക്കാർ കോവിഡ് രോഗത്തെ ചെറുക്കുന്നതിനോടൊപ്പമാണ് വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിൽ പൂര്‍ത്തിയാക്കുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇ.എം.സിന്റെ പേരിലുള്ള വലിയൊരു സ്വപ്‌നമാണ് ഇവിടെ യാഥാർത്ഥ്യമായത്. ഇത്തരത്തില്‍ ജില്ലയിലുടനീളം വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും വടക്കഞ്ചേരി പഞ്ചായത്തിന്റെ തനത് ഫണ്ടും സംയോജിപ്പിച്ച് 3.50 കോടി രൂപ ചെലവിലാണ് ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ രമാ ജയന്‍, വനജാ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ. കുമാരന്‍, വാര്‍ഡ് അംഗം പാളയം പ്രദീപ്, സെക്രട്ടറി കെ.കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.