തിരുവനന്തപുരം: പോത്തന്‍കോട് പഞ്ചായത്തിന്റയും ദേശീയ ആയുഷ് മിഷന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നു 15 ലക്ഷവും ആയുഷ് മിഷന്റെ 15 ലക്ഷവും ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ ഓഫീസര്‍, മൂന്നു തെറാപ്പിസ്റ്റുകള്‍, ഫര്‍മസിസ്റ്റ്, അറ്റെന്‍ഡര്‍, സ്വീപ്പര്‍ എന്നിവരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. കിടത്തി ചികിത്സയ്ക്കായി 10 ബെഡുകളുമുണ്ട്. ഒരു ഡോക്ടറും രണ്ട് നഴ്സുമാരുമുണ്ടാകും. രാവിലെ ഒന്‍പതു മുതല്‍ രണ്ടുവരെ ഒ.പി പ്രവര്‍ത്തിക്കും.


പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.