എറണാകുളം: ആർദ്രം മിഷൻ്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കൂനമ്മാവ് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. 27.5 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പാക്കിയത്.
ഒ.പി കൗണ്ടർ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഒബ്സർവേഷൻ മുറി, ലാബ്, പാലിയേറ്റീവ് രോഗികൾക്കായുള്ള കാത്തിരിപ്പ് സ്ഥലം എന്നിവ നവീകരിച്ചു. ഫീഡിംഗ് റൂം, ശ്വാസ് ആശ്വാസ് ക്ലിനിക്, രോഗികൾക്കും കൂടെയുള്ളവർക്കും ആശുപത്രിയിൽ നിന്നുള്ള അറിയിപ്പുകൾ ലഭിക്കുന്നതിനായി പബ്ലിക് അഡ്രസിംഗ് സിസ്റ്റം എന്നിവ പുതുതായി സ്ഥാപിച്ചു.
കോട്ടുവള്ളി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശാന്ത, വൈസ് പ്രസിഡൻ്റ് പി.സി ബാബു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, പഞ്ചായത്ത് സെക്രട്ടറി പി.സി വിൽസൺ തുടങ്ങിയവർ പങ്കെടുത്തു.