മലമ്പുഴ നിയോജക മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന സംയോജിത കാര്‍ഷിക വികസന പദ്ധതിയ്ക്ക് തുടക്കമായി. മലമ്പുഴ,  അകത്തേത്തറ,  മുണ്ടൂര്‍,  പുതുപ്പരിയാരം, കൊടുമ്പ്,  പുതുശ്ശേരി ഗ്രാമപഞ്ചായത്തുകളിലായി 17.17 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.,

മലമ്പുഴ ഗ്രാമപഞ്ചായത്തില്‍  5.014 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. കന്നിമാര്‍മുട്ട് – ചേമ്പനതോട്  ഇടതുഭാഗം പാര്‍ശ്വഭിത്തി നിര്‍മ്മാണം (3.32 കോടി), കന്നിമാര്‍മുട്ട് – ഒഴലംപള്ളം വലതുഭാഗം പാര്‍ശ്വഭിത്തി നിര്‍മ്മാണം(1.694 കോടി), അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ കല്ലേകുളങ്ങര തോട് പാര്‍ശ്വഭിത്തി നിര്‍മ്മാണവും മറ്റ് അനുബന്ധ പ്രവര്‍ത്തികളും(1.836 കോടി രൂപ), ഉമ്മിണി പയറ്റാംകുന്ന് തോട് പാര്‍ശ്വഭിത്തി നിര്‍മ്മാണവും മറ്റ് അനുബന്ധ പ്രവര്‍ത്തികളും(2.494 കോടി രൂപ), മേലെ ധോണി -അരിമണി തോട് പാര്‍ശ്വഭിത്തി നിര്‍മ്മാണവും മറ്റ് അനുബന്ധ പ്രവര്‍ത്തികളും( 2.20 കോടി) പയറ്റാംകുന്നം – ചീകുഴിത്തോട് പാര്‍ശ്വഭിത്തി നിര്‍മ്മാണവും മറ്റ് അനുബന്ധ പ്രവര്‍ത്തികളും( 1.705കോടി ), മുണ്ടൂര്‍ -പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളില്‍  (1.8727 കോടി രൂപ) മുണ്ടൂര്‍ -നീറ്റില്‍ തോട്  നിര്‍മ്മാണവും  പാലകിഴക്കേചാലക്കല്‍തോട്  തടയണ പുനരുദ്ധാരണവും പുതുപ്പരിയാരം- വെണ്ണക്കര തടയണ നിര്‍മ്മാണവും പുതുശ്ശേരി- കൊടുമ്പ് ഗ്രാമപഞ്ചായത്തുകളില്‍(1.4623 കോടി രൂപ) പുതുശ്ശേരി കൗണ്ടയ്ന്‍ കനാല്‍ എട്ടടിതോട് പാര്‍ശ്വഭിത്തി നിര്‍മ്മാണം, വാളയാര്‍ ഡാം ജലസേചന പരിധിയില്‍ വരുന്ന സബ് കനാലിനോട്  അനുബന്ധിച്ച് പാര്‍ശ്വഭിത്തി നിര്‍മ്മാണം,  കൊടുമ്പ് – കണ്ണംകുളം ജലസേചന കനല്‍ നിര്‍മ്മാണം,  ആബ  ലിഫ്റ്റ് ഇറിഗേഷന്‍ പുനരുദ്ധാരണവും പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കലും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.

പദ്ധതിനിര്‍വഹണവുമായി  ബന്ധപ്പെട്ട്  കൃഷിവകുപ്പ് ആര്‍ എ ടി ടി സി  ഹാളില്‍ നടന്ന ആലോചനായോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇന്ദിരാ രാമചന്ദ്രന്‍, ഡി. സദാശിവന്‍, എം. കെ  കുട്ടികൃഷ്ണന്‍, കൊടുമ്പ് വൈസ് പ്രസിഡണ്ട് ധനരാജ്,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. കോമളം, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എംഎല്‍എയുമായ വിഎസ് അച്യുതാനന്ദന്റെ  പേഴ്‌സണല്‍ അസിസ്റ്റന്റ് എന്‍.അനില്‍കുമാര്‍,  കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.