കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച നോ മാസ്‌ക്ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്ട് ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രചാരണത്തിന് തുടക്കം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്നാണ് വിവിധ പോസ്റ്ററുകള്‍ തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചുകൊണ്ട് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിക്കും. ജില്ലയിലെ എല്ലാ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് ബോധവല്‍ക്കരണത്തിനായി ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബസ്, ഓട്ടോ തുടങ്ങിയ പൊതുഗതാഗത വാഹനങ്ങളിലും ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പതിക്കണം. കച്ചവട സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.