ദന്തസംരക്ഷണത്തിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം നൽകുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പൊരുന്നന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ലോക ഓറൽ ഹൈജീൻ ദിനാചരണം നടത്തി. പുകയിലയുടേയും പാൻമസാലകളുടേയും ഉപയോഗം ദന്തക്ഷയത്തിന് കാരണമാകുന്നുണ്ടെന്നും പല്ലുകൾക്ക് സംഭവിക്കുന്ന കേട് ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന് പൊതുജനങ്ങളെ ബോധവാൻമാരാക്കൻ ദിനാചരണം സഹായിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രീത രാമൻ അഭിപ്രായപ്പെട്ടു. പൊരുന്നന്നൂർ സാമൂഹ്യാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.എം.ദീപ അദ്ധ്യക്ഷത വഹിച്ചു. ദന്തക്ഷയം മനുഷ്യന്റെ പല്ലുകളെ മാത്രമല്ല കരൾ പോലുളള ആന്തരീകാവയവങ്ങളെയും സാരമായി ബാധിക്കുമെന്നും അവർ പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡെന്റൽ വിഭാഗത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. ബി. ജിതിൻ ദന്ത സംരക്ഷണം സംബന്ധിച്ച ക്ലാസ്സെടുത്തു. പൊരുന്നന്നൂർ ബ്ലോക്ക് പരിധിയിലെ അംഗൻവാടി, ആഷാ, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. ചടങ്ങിൽ ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസർ ജാഫർ ബീരാളി തക്കാവിൽ ആശംസകളർപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ദന്ത സംരക്ഷണ പ്രദർശനം, സംശയ ദുരീകരണം എന്നീ പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിന് ജില്ലാ മാസ് മീഡിയാ ഓഫിസർ ശ്രീ.കെ.ഇബ്രാഹിം സ്വാഗതവും, പൊരുന്നന്നൂർ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീ.കെ.കെ.ജോൺസൺ നന്ദിയും അർപ്പിച്ചു.