തൃശൂര്‍ : ജില്ലയില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ നടത്തറ ഗ്രാമപഞ്ചായത്തില്‍ മണലിപ്പുഴയ്ക്ക് കുറുകെ 10.42 കോടിയുടെ ഭരണാനുമതിയില്‍ ശ്രീധരിപ്പാലം നിര്‍മ്മാണത്തിനൊരുങ്ങുന്നു. ചവറാംപാടം-കൂട്ടാല പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് ശ്രീധരിപ്പാലത്തിന്റെ നിര്‍മ്മാണം. പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. ഗവ ചീഫ് വിപ്പ് കെ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
നിലവിലുള്ള നടപ്പാലം സഞ്ചാരയോഗ്യമല്ലാത്തതിനെ തുടര്‍ന്ന് 2016- 2017 വര്‍ഷത്തെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇരു വശത്തേയ്ക്കും വാഹനങ്ങള്‍ പോകാവുന്ന വിധത്തില്‍ ശ്രീധരിപ്പാലം നിര്‍മ്മിക്കുന്നത്.
നിലവില്‍ 1.50 മീറ്റര്‍ വീതിയും 35 മീറ്റര്‍ നീളമുള്ള നടപ്പാലം പൊളിച്ച് മൂന്ന് സ്പാനുകളോടെ 11 മീറ്റര്‍ വീതിയിലും ഇരുവശങ്ങളിലും അപ്രോച്ച് സ്ലാബ് സഹിതം 38.2മീറ്റര്‍ നീളത്തിലുമാണ് പുതിയ നിര്‍മ്മിക്കുക. പുതിയ പാലത്തില്‍ ഇരുവശത്തേക്കും ഒരേ സമയം വാഹനങ്ങള്‍ പോകുന്നതിനുള്ള സൗകര്യത്തിന് പുറമെ ഇരു വശങ്ങളിലും ഫുഡ്പാത്ത് സ്വകര്യവും സജ്ജീകരിച്ചിട്ടുണ്ട്. 12 മീറ്റര്‍ വീതിയോടെ അപ്രോച്ച് റോഡിന് ചവറാംപാടം സൈഡില്‍ 110 മീറ്റര്‍ നീളവും മുടിക്കോട് സൈഡില്‍ 749 മീറ്റര്‍ നീളവുമുണ്ടാകും.
പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം, സ്ഥലമെടുപ്പ്, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് എന്നിവയ്ക്കായി 10.24 കോടി രൂപയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് ബ്രിഡ്ജ് ഡിവിഷനാണ് പാലത്തിന്റെ രൂപകല്‍പ്പന നടത്തിയത്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ കാര്‍ഷിക-കര്‍ഷികേതര മേഖലകളില്‍ വന്‍തോതില്‍ വികസനം സാധ്യമാകും.