അവഗണനയില്‍ കിടന്നിരുന്ന മൈലപ്ര പഞ്ചായത്ത് പടി – മേക്കൊഴൂര്‍ – ഇടക്കര റോഡാണ് നവീകരിച്ചിരിക്കുന്നതെന്ന് അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. 2.5 കോടി രൂപ ചിലവിലാണ് റോഡ് നവീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൈലപ്ര പഞ്ചായത്ത് പടി – മേക്കൊഴൂര്‍ – ഇടക്കര റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
പത്തനംതിട്ട നിവാസികള്‍ക്കും ഒപ്പം ശബരിമല തീര്‍ഥാടകര്‍ക്കും ഒരുപോലെ പ്രയോജനകരമായ റോഡാണിത്. വളരെ നേരത്തെ തന്നെ നിര്‍മാണം നടത്തേണ്ടിയിരുന്ന റോഡായിരുന്നു. കഴിഞ്ഞ ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. കോന്നി മണ്ഡലത്തെ സംബന്ധിച്ചിടത്തോളം വളരെ കുറച്ച് സമയംകൊണ്ട് കോവിഡിന്റെ കാലത്തും വലിയ വികസനത്തിന്റെ മുന്നേറ്റമാണ് ഉണ്ടായത്. ആഞ്ഞിലികുന്ന്-വടക്കുപുറം റോഡ് ബി.എം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടിയിലാണ്. 45 ദിവസത്തിനുള്ളില്‍ ഈ റോഡ് പൂര്‍ത്തീകരിക്കുമെന്ന് ബസപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. കോന്നി മണ്ഡലത്തില്‍ ഒരു റോഡ് പോലും കുണ്ടും കുഴിയും നിറഞ്ഞവയില്ലെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. 720 കോടിയുടെ മൂവാറ്റുപുഴ – പുനലൂര്‍ റോഡ് നിര്‍മ്മാണം നടന്നു വരുകയാണ്. ഗ്രാമീണ റോഡ് വികസനത്തിന്റെ ഭാഗമായി 15 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളും  നടക്കുന്നുണ്ട്. ഒപ്പം പി.ഡബ്ല്യൂ.ഡിയുടെ 70 കോടി രൂപയുടെ നവീകരണം കോന്നി മണ്ഡത്തില്‍ നടന്നു വരുകയാണെന്നും എംഎല്‍എ പറഞ്ഞു.
മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയതില്‍ സന്തോഷമുണ്ടെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ വളരെയധികം സ്വാധീനിക്കുന്ന ഒരു റോഡാണിന്നെന്നും മുഖ്യപ്രഭാഷണത്തില്‍ എം.പി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, വാര്‍ഡ് മെമ്പര്‍മാരായ ചന്ദ്രിക സുനില്‍, സാറാമ്മ വര്‍ഗീസ്, പി.സി ജോണ്‍, മൈലപ്ര പഞ്ചായത്ത് മെമ്പര്‍ സി.വി വര്‍ഗീസ്, പത്തനംതിട്ട നിരത്ത് വിഭാഗം എക്‌സി. എഞ്ചിനീയര്‍ ഷീന രാജന്‍, അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍ എസ്. റസീന തുടങ്ങിയവര്‍ പങ്കെടുത്തു.