ശ്രീനാരായണപുരം പഞ്ചായത്തിന്റെ കായിക കുതിപ്പിന് കരുത്തേകാന്‍ പഞ്ചായത്ത് നിര്‍മിച്ച പടിഞ്ഞാറേ വെമ്പല്ലൂര്‍ മിനി സ്റ്റേഡിയവും ഗ്രൗണ്ടും കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഒക്ടോബര്‍ 21ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് മുള്ളന്‍ ബസാര്‍ എസ് ബി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്തിലെ 10 രാജിസ്‌ട്രേഡ് ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്യും.

വോളിബോള്‍ കോര്‍ട്ടും സിന്തറ്റിക് ട്രാക്കും അടക്കമുള്ള മത്സരങ്ങള്‍ക്ക് ശ്രീനാരായണപുരം പി വെമ്പല്ലൂര്‍ സ്റ്റേഡിയം ഇനി വേദിയാകും. കായിക പ്രേമികള്‍ക്ക് ഏറെ പ്രയോജനകരമായ രീതിയിലാണ് നിര്‍മ്മാണം. 1989ല്‍ പഞ്ചായത്ത് വിലക്കുവാങ്ങിയ 89 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍ തുടങ്ങിയ കായിക മത്സരങ്ങള്‍ നടത്തുന്നതിനും ഗ്രീന്‍ റൂം സൗകര്യങ്ങള്‍ ഉള്ളതിനാല്‍ സ്റ്റേജില്‍ അമേച്വര്‍ നാടകങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നതിനും സൗകര്യമുണ്ട്.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 55 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗ്രൗണ്ടും സ്റ്റേഡിയവും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് ചുറ്റുമതിലും നിര്‍മ്മിച്ചിട്ടുണ്ട്. സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായതോടെ ശ്രീനാരായണപുരത്തെ കായിക പ്രേമികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബെന്നി ബെഹന്നാന്‍ എംപി വിശിഷ്ടാതിഥിയാകും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി മുഖ്യാതിഥ്യം വഹിക്കും. ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോജി പോള്‍ കാഞ്ഞൂത്തറ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് സൗദ നാസര്‍, വൈസ് പ്രസിഡന്റ് എം എസ് മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നൗഷാദ് കൈതവളപ്പില്‍, ബി ജി വിഷ്ണു, യുവജനക്ഷേമ ബോര്‍ഡ് അംഗം കെ വി രാജേഷ് യുവജനക്ഷേമ ബോര്‍ഡ് അംഗം, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.