എറണാകുളം: കൊച്ചി മെട്രോ റയിൽ ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ
പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
മെട്രോ സർവീസ് കാക്കനാട്ടേക്ക് ദീർഘിപ്പിക്കുന്നതിൻ്റെ സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ കളക്ടർ യോഗത്തിൽ നിർദ്ദേശം നൽകി.

പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി യോഗത്തിൽ അറിയിച്ചു. എസ്.എൻ.ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെ റോഡ് വീതി കൂട്ടുന്നതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികളുടെ റവന്യൂ വകുപ്പ് ഭരണാനുമതിയും പൂർത്തിയായി. പരിസ്ഥിതി ആഘാത പഠനത്തിൻ്റെ നടപടികളാണ് തുടർന്നുള്ളത്.

സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ഇടപ്പള്ളി സൗത്ത്, കാക്കനാട് വില്ലേജുകളിലെ സ്ഥലം ഏറ്റെടുക്കുന്നതിനായി ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കാക്കനാട് വില്ലേജിൽ ഏറ്റെടുക്കുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ചു മാറ്റുന്ന കാര്യത്തിൽ കൂട്ടായ പരിശോധനകൾക്കു ശേഷം തീരുമാനിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.
വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ നടപടികളുടെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. 22 ബോട്ട് ജെട്ടികൾക്കുള്ള ഭൂമിയാണ് ഏറ്റെടുത്ത് നൽകേണ്ടത്. 14 എണ്ണത്തിൻ്റെ പ്രാഥമിക വിജ്ഞാപനം അംഗീകരിച്ചു. ഭൂമിയുടെ സർവേ നടപടികളും വിലയിടൽ നടപടികളും പുരോഗമിക്കുന്നു. ബോൾഗാട്ടി ജെട്ടി നിർമ്മാണത്തിന് സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതിനാൽ ഭൂമിയുടെ വില തീരുമാനിക്കൽ നടപടികൾ വേഗത്തിലാക്കാൻ കെ.എം.ആർ.എൽ അധികൃതർ ആവശ്യപ്പെട്ടു.