ജൈവ കൃഷി വ്യാപനത്തിന്റെ മുന്നേറ്റത്തിലാണ് തിരുനെല്ലി ഗ്രാമ പഞ്ചായത്ത്.ജനസംഖ്യയില്‍ ഭൂരിഭാഗവും കര്‍ഷകരും ഗോത്ര ജനവിഭാഗങ്ങളും ഇടകലരുന്ന പ്രദേശത്ത് അനുകൂല പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് തലത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയത്.
സ്ത്രീ സുരക്ഷ, കലാസാഹിത്യ പോഷണം, ജൈവ സംരംക്ഷണം, യുവജനക്ഷേമം, ബാലസൗഹൃദം, ജീവനോപാധികള്‍, തൊഴില്‍ നൈപുണ്യം, വയോജനക്ഷേമം, പട്ടികജാതി,പട്ടികവര്‍ഗ ക്ഷേമം, ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനം തുടങ്ങിയ പ്രത്യേക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി വിഭാവനം ചെയ്ത പദ്ധതികളില്‍ 90 ശതമാനത്തിലധികവും പ്രവൃത്തിപഥത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചു.
ആര്‍ദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം, ഹരിത കേരളം മിഷനുകളുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് വളരെയധികം പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. സമഗ്ര നെല്‍ക്കൃഷി വികസനത്തിനും ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ലഭ്യമാക്കുന്നതിനും പാലിന് സബ്‌സിഡി നല്‍കുന്ന പദ്ധതിക്കും ജൈവകൃഷി പ്രോത്സാഹനത്തിനും കറവപ്പശു, പോത്തുക്കുട്ടി വിതരണം എന്നീ പദ്ധതികള്‍ക്കും മുന്തിയ പരിഗണന നല്‍കി. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് 150 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കി. ഉത്പ്പാദന മേഖലയില്‍ 1 കോടി 22 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍ക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അര്‍ഹരായ മുഴുവനാളുകള്‍ക്കും സ്‌കോളര്‍ഷിപ്പ്, ക്ഷേമ പെന്‍ഷന്‍ എന്നിവ കൃത്യമായി ലഭ്യമാക്കി. വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, പാലിയേറ്റീവ് കെയര്‍, പകല്‍ വീട് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ആരോഗ്യമേഖലയില്‍ ധാരാളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്ത ചികിത്സാ സൗകര്യങ്ങള്‍, അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ മേഖലകളിലും പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 17 വാര്‍ഡുകളിലായി ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ആയത് പഞ്ചായത്ത് മിനി മെറ്റീരിയല്‍ കലക്ഷന്‍ സെന്ററില്‍ സൂക്ഷിച്ചു വരുന്നുമുണ്ട്.
സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പത്രം, മറ്റ് ആനുകാലിക പ്രസിദ്ധീകരണം നല്‍കി. സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത പ്രവര്‍ത്തനത്തിന് 15 ലക്ഷം രൂപ അനുവദിച്ചു. പഞ്ചായത്തിലെ പ്രധാനപ്പെട്ട കുടിവെള്ള പദ്ധതിയായ തിരുനെല്ലി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പാക്കേജിന്റെ ഭാഗമായി കണക്ക് പഠിപ്പിക്കുന്നതിന് മഞ്ചാടിക്കൂടാരം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. അപ്പപ്പാറ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് 3 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ കിഡ്‌നി രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുമായി സംയോജിപ്പിച്ച് നല്ലൂര്‍നാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചു.
സേവന മേഖലയില്‍ 3 കോടി 75 ലക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയിട്ടുള്ളത്.1 കോടി 75 ലക്ഷത്തിന്റെ പ്രവര്‍ത്തനമാണ് പശ്ചാത്തല മേഖലയില്‍ സാധ്യമാക്കിയത്. കാട്ടിക്കുളം – പന വല്ലി തിരുനെല്ലി അമ്പലം റോഡിന് 16.5 കോടി രൂപയും അപ്പപ്പാറ തോല്‍പ്പെട്ടി റോഡിന് 5 ലക്ഷം രൂപയും, തിരുനെല്ലിനിട്ടറ പാലം പണിയുന്നതിന് 15 കോടി രൂപയും അനുവദിച്ചു. ശുചിത്വത്തിന്റെ ഭാഗമായി ആരംഭിച്ച ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് 6 ലക്ഷം രൂപ കൂടി ലഭ്യമാക്കിയിട്ടുണ്ട്. നാടിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള എല്ലാ വിഷയ മേഖലകളും ഉള്‍പ്പെടുത്തി സമഗ്രമായ പദ്ധതി പ്രവര്‍ത്തനങ്ങളാണ് തിരുനെല്ലി പഞ്ചായത്ത് കാഴ്ചവെച്ചിട്ടുള്ളത്.