ഒല്ലൂർ ഫെഡറേഷൻ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റി മരത്താക്കര എൻഎച്ച് ബൈപ്പാസിൽ ആരംഭിച്ച നീര പാർലർ -നഴ്സറിയുടെ ഉദ്‌ഘാടനവും ആദ്യ വിൽപ്പനയും ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. ഒല്ലൂക്കര എ ഡി എ സത്യ വർമ്മ ആദ്യ തെങ്ങിൻ തൈ വിതരണം ചെയ്തു.ആരോഗ്യ പാനീയമാണ് നീര. രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്നും ലിവർ സിറോസിസ്, കിഡ്നി രോഗങ്ങൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കുമെന്നുമാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ കോക്കനട്ട് ഡെവലപ്മെൻറ് ബോർഡ്, സിപിസിആർഐ കാസർഗോഡ്, കേരള കാർഷിക വികസന ക്ഷേമ വകുപ്പ് എന്നിവയുടെ സാങ്കേതിക സാമ്പത്തിക സഹകരണത്തോടെ ഉൽപ്പാദിപ്പിക്കുന്ന നല്ല സങ്കര ഇനം തെങ്ങിൻ തൈകൾ, കുറ്റ്യാടി, വെസ്റ്റ് കോസ്റ്റ് ടോൾ, സി ഓ ഡി, ടി×ഡി, ഡി×ടി തുടങ്ങിയ ഇനം തെങ്ങിൻ തൈകൾ എന്നിവയും ഈ നഴ്സറിയിൽ ലഭിക്കും. കർഷകർക്കാവശ്യമായ ജൈവവളം, കുമ്മായം, നാണ്യവിളകളുടെയും കാർഷികവിളകളുടേയും തൈകൾ, പച്ചക്കറിതൈകൾ, വിത്തുകൾ, കയറും കയർ ഉൽപന്നങ്ങളും ലഭ്യമാണ്.