ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ ചമ്പക്കുളം ബ്ലോക്കിലെ നെടുമുടി പഞ്ചായത്തില്‍ ചെമ്പുമ്പുറത്ത് ക്ഷീരോത്പ്പാദന സഹകരണ സംഘത്തിന്റെ സ്ഥലത്ത് സ്ഥാപിക്കുന്ന മൾട്ടിപർപ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 23ന് രാവിലെ 11ന് വനം-മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ കെ.രാജു നിർവഹിക്കും.
കുട്ടനാട് പ്രദേശത്ത് കാലവര്‍ഷക്കെടുതി മൂലം ക്ഷീര കര്‍ഷകര്‍ അനുഭവിച്ച പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും പ്രളയ സാധ്യത ഉണ്ടായാല്‍ കന്നുകാലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് നടപടി. 100 ഉരുക്കളെ സംരക്ഷിക്കാന്‍ കാറ്റില്‍ഷെഡ് വഴി കഴിയും. 5496 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നുനിലകളിലായാണ് കെട്ടിടം നിര്‍മിക്കുന്നത്. 1 കോടി 80 ലക്ഷം രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.