എറണാകുളം: ജില്ലയിൽ സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ 35 പച്ചക്കറി വിപണന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ ഒന്നോടെ വിപണന ശാലകൾ തുറക്കാനാണ്‌ തീരുമാനം. പ്രാദേശിക കർഷകരുടെ ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടാണ് വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയായിരിക്കും പച്ചക്കറി ശാലകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുക. പ്രത്യേക തിരിച്ചറിയൽ ബോർഡുകൾ ആയിരിക്കും കടകളിൽ ഉപയോഗിക്കുക. ഏകീകൃത കളർകോഡ്, ബ്രാൻഡ് എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിൽ ആയിരിക്കും ബോർഡുകൾ സ്ഥാപിക്കുന്നത്. വിൽപന ശാലകളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് അതാത് പഞ്ചായത്തിലെ കൃഷി ആഫീസർ, പഞ്ചായത്ത് സെക്രട്ടറി, സഹകരണ സംഘം സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും.
വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ്, മൊത്തവ്യാപാര വിപണികൾ എന്നിവ വഴിയാണ് പച്ചക്കറികൾ കർഷകരിൽ നിന്നും സംഭരിക്കുന്നത്.

രജിസ്റ്റർ ചെയ്ത കർഷകർക്ക് ഉല്പന്നങ്ങളുടെ വിപണി വില അടിസ്ഥാന വിലയിലും താഴെ പോകുമ്പോൾ സർക്കാർ പ്രഖ്യാപിച്ച തറവില നൽകിയായിരിക്കും ഉല്പന്നങ്ങൾ ശേഖരിക്കുക. ഇതിൻ്റെ മേൽനോട്ടം കമ്മിറ്റി നിർവഹിക്കും. കൂടാതെ സംഘങ്ങളുടെയും നേതൃത്വത്തിൽ ജില്ലയിൽ ജൈവ പച്ചക്കറി കൃഷി സജീവമാണ്. ഇവരുടെ ഉല്പന്നങ്ങളും വിപണന ശാലകളിലൂടെ വിറ്റഴിക്കും. കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന സംഘങ്ങളുടെ വില്പന ശാലകൾ തുടങ്ങുന്നതിന് സമയം കൂടുതൽ നൽകും.
കാർഷിക ഉൽപ്പന്നങ്ങൾ പ്രാദേശിക വിപണിയിൽ തന്നെ വിറ്റഴിക്കാൻ സഹായിക്കുന്നതാണ് സഹകരണ വകുപ്പിൻ്റെ വില്പനശാലകൾ. വില വിവരം കൃഷി വകുപ്പ് തീരുമാനിക്കും.

ഈ വർഷം ഒരു ലക്ഷം മെട്രിക് ടൺ പച്ചക്കറികളുടെയും ഒരു ലക്ഷം മെട്രിക് ടൺ കിഴങ്ങ് വർഗങ്ങളുടെയും അധിക ഉല്പാദനമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്താകെ 279 പച്ചക്കറി വിൽപനശാലകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.