കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ നര്‍ക്കിലക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജില്‍ രണ്ട് കോടി രൂപ ചിലവിലാണ് ആശുപത്രിയുടെ പുതിയ രണ്ട് നില കെട്ടിടം തയ്യാറായത്. ആശുപത്രിയിലെ ചികിത്സ സൗകര്യം വര്‍ധിക്കുമ്പോള്‍ പട്ടിക വര്‍ഗ വിഭാഗം കൂടുതലുള്ള വെസ്റ്റ് എളേരി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാകും.

നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു എന്നിവര്‍ മുഖ്യാതിഥികളായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ മുരളീധരന്‍ നല്ലൂരായ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുകുമാരന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ഭാസ്‌കരന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി കെ ചന്ദ്രമ്മ ടീച്ചര്‍, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി എം ചന്ദ്രന്‍, എ അപ്പുക്കുട്ടന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സ്‌കറിയ എബ്രഹാം, സി പി സുരേശന്‍, എന്നിവര്‍ സംസാരിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസീത രാജന്‍ സ്വാഗതവും നര്‍ക്കിലക്കാട് മെഡിക്കല്‍ ഓഫീസര്‍ ഡോ ഷിനില്‍ നന്ദിയും പറഞ്ഞു

കേരളത്തില്‍ ആദ്യമായി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തിലേക്ക് എത്തിയ ആശുപത്രിയാണ് നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രം. 1971 ല്‍ റൂറല്‍ ഡിസ്പന്‍സറിയായി പ്രവര്‍ത്തനമാരംഭിച്ച ഈ ആശുപത്രി 1980 ലാണ് പ്രാഥമികാരോഗ്യ കേന്ദ്രമായി മാറിയത്. 2004ല്‍ 24*7 പ്രാഥമിക ആരോഗ്യ കേന്ദ്രമാവുകയും 2018 ല്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായും ഉയര്‍ന്നു. 2016 ല്‍ കായകല്പ അവാര്‍ഡും 2018 ല്‍ ദേശീയ പുരസ്‌കാരവും ലഭിച്ചു. 2019 ല്‍ മികച്ച മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംസ്ഥാന പുരസ്‌കാരവും മലയോരത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്ന ഈ ആതുരാലയത്തിനായിരുന്നു.