സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളേജിൽ ലൈബ്രറി, റീഡിങ് റൂം, സെമിനാർ ഹാൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവയുടെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എൻജിനീയറിങ് കോളേജുകളിലും പോളിടെക്‌നിക്കുകളിലും തലമുറ മാറ്റങ്ങൾക്കനുസൃതമായ പുതിയ കോഴ്‌സുകളും ഈ വർഷം തന്നെ ആരംഭിക്കും. സംസ്ഥാനത്ത് ഗവ. പോളിടെക്‌നിക്കുകളുടെ ഗുണനിലവാരം കൂടി. പോളിടെക്‌നിക്കുകളിൽ കുട്ടികളും വർധിച്ചു. മുമ്പത്തെ സ്ഥിതിയിൽ നിന്ന് ഉന്നത വിദ്യാദ്യാസ രംഗത്ത് വൻ പുരോഗതിയുണ്ടായി. ഇനിയും മികവുറ്റ രീതിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി. കുന്നംകുളം നഗരസഭ ചെയർപേഴ്‌സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ടി പി ബൈജുബായ്, പ്രിൻസിപ്പൽ അജയൻ, സൂപ്രണ്ടിങ്ങ് എൻജിനീയർ ശ്രീമാല എന്നിവർ പങ്കെടുത്തു.
ഗവ. പോളിടെക്‌നിക്കിൽ ഒൻപത് കോടി രൂപ ചെലവിലാണ് വിവിധ നിർമാണങ്ങൾ നടക്കുന്നത്.