എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത 500 ലിറ്റര്‍ സ്പിരിറ്റ് സാനിറ്റൈസറാക്കി. കഴിഞ്ഞ ഓണത്തിന് എക്‌സൈസ് വകുപ്പിന്റെ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് തൃശൂര്‍ ഡിവിഷന് കീഴില്‍ വിവിധ റേഞ്ചുകളില്‍ നിന്ന് 500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ ശുപാര്‍ശയോടെയാണ് ഇത് സാനിറ്റൈസറാക്കി മാറ്റാന്‍ തീരുമാനിച്ചത്.
കുട്ടനല്ലൂരിലെ പ്രൈവറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹായത്തോടെ ഇത് 570 ലിറ്റര്‍ സാനിറ്റൈസറാക്കി. അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ വരുന്ന പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് പ്രതിരോധത്തിന് വേണ്ടി സാനിറ്റൈസര്‍ ഉപയോഗിക്കും. കൂടാതെ താലൂക്കുകളിലെ ആവശ്യങ്ങള്‍ക്കും വിതരണം ചെയ്യും. എഡിഎം റെജി പി ജോസഫ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രദീപ് കുമാര്‍, എക്‌സൈസ് വിമുക്തി കോ ഓര്‍ഡിനേറ്റര്‍ കെ കെ രാജു എന്നിവര്‍ നേതൃത്വം നല്‍കി.
