അന്തരിച്ച മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂരിലെ വസതി പട്ടികജാതി -പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ- നിയമ സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. അക്കിത്തത്തിന്റെ മരണശേഷം ആദ്യമായാണ് മന്ത്രി വസതി സന്ദർശിക്കുന്നത്. വിശ്വമാനവികതയുടെ കവിയാണ് അക്കിത്തമെന്നും മലയാള കവിതയിൽ പുതിയൊരു ഭാവുകത്വമാണ് അക്കിത്തത്തിന്റെ കവിതകൾ എന്നും മന്ത്രി പറഞ്ഞു.
അക്കിത്തത്തിന്റെ കുമാരനല്ലൂരിലുള്ള മന പുരാവസ്തു വകുപ്പിന് കൈമാറുന്നത് സംബന്ധിച്ച് കുടുംബാംഗങ്ങളോട് സംസാരിച്ചതായും അനുകൂലമായാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അക്കിത്തത്തിന് സ്മാരകം പണിയുന്നതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതിനനുസരിച്ച് അനുകൂല നിലപാട് എടുക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. കവിയുടെ മക്കളായ വാസുദേവൻ അക്കിത്തം, നാരായണൻ അക്കിത്തം, പാർവതി, ഇന്ദിര, ശ്രീജ, മരുമക്കളായ മനീഷാ ദോഷി, ത്രിവിക്രമൻ, ഉണ്ണികൃഷ്ണൻ എന്നിവരുമായി മന്ത്രി സംസാരിച്ചു.
രൂപ പബ്ലിക്കേഷൻസ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച അക്കിത്തത്തിനെ ആത്മകഥ വാസുദേവൻ അക്കിത്തം മന്ത്രിക്ക് സമ്മാനിച്ചു. അക്കിത്തം എഴുതിയ ഏക നാടകമായ ‘കുട്ടികൾക്കുവേണ്ടിയുള്ള ഈ ഏടത്തി നുണയെ പറയൂ’ എന്നതിലെ കഥാപാത്രമായി സ്കൂൾ പഠനകാലത്ത് മന്ത്രിക്ക് വേഷമിടാൻ കഴിഞ്ഞതിന്റെ അനുഭവം കുടുംബാംഗങ്ങളുമായി പങ്കു വയ്ക്കുകയും നാടകത്തിന്റെ പ്രതി ചോദിച്ചു വാങ്ങുകയും ചെയ്തു. കെ.ടി അബ്ദുള്ളക്കുട്ടി, വി.കെ മനോജ് കുമാർ, കെ.വി ബാലകൃഷ്ണൻ, കെ പങ്കജാക്ഷൻ മാസ്റ്റർ, കെ ഇഖ്ബാൽ, ഷറഫുദ്ദീൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.