തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവിട്ട് വിതുര താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച പുതിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ. മധു ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ജില്ലയിലെ ഗ്രാമീണ ആരോഗ്യ മേഖലയിൽ വലിയ മാറ്റമുണ്ടായതായി ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടി. വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നത് മലയോര മേഖലയിലെ പാവപ്പെട്ടവർക്ക് ഏറെ ആശ്വാസകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് ഡയാലിസിസ് യൂണിറ്റുകളാണ് വിതുര താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ചു ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രികളിൽ കഴിഞ്ഞ 5 വർഷക്കാലമായി വലിയ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. നെയ്യാറ്റിൻകര, നെടുമങ്ങാട്, പേരൂർക്കട എന്നീ ആശുപത്രികളിൽ ആദ്യമായി ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചു. വെള്ളനാട്, പാലോട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ എക്സ്-റേ യൂണിറ്റുകൾ സ്ഥാപിച്ചു. കൂടാതെ നെടുമങ്ങാട്, വർക്കല ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ പുതിയ മന്ദിരങ്ങളുടെ നിർമ്മാണവും നടന്നു വരുന്നു.

വിതുര പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എൽ. കൃഷ്ണകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെ. വേലപ്പൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം വിജു മോഹൻ, വിതുര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാഹുൽ നാഥ് അലിഖാൻ, മറ്റ്‌ പൊതുപ്രവർത്തകർ തുടങ്ങിയവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ യോഗത്തിൽ പങ്കെടുത്തു.