ലക്ഷദ്വീപില്‍ നിന്നും മിനിക്കോയിയില്‍ നിന്നും ട്യൂണ മത്സ്യം കൊല്ലത്ത് എത്തിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം പോര്‍ട്ട് പാസഞ്ചര്‍ കം കാര്‍ഗോ ടെര്‍മിനലിന്റെയും ടഗിന്റെയും ഉദ്ഘാടനം സംബന്ധിച്ച് എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ്, തീരദേശ വികസന കോര്‍പ്പറേഷന്‍ എം ഡി പി.ഐ. ഷെയ്ഖ് പരീത് എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ട്യൂണ മത്സ്യത്തിന് ലക്ഷദ്വീപില്‍ വില കിട്ടുന്നില്ല എന്നുപറഞ്ഞ് അവര്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ന്യായമായ വില ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമാണ്. കേന്ദ്ര ഫിഷറീസ് ടെക്‌നോളജി വകുപ്പു (സ്വിഫ്റ്റ്) മായി ബന്ധപ്പെട്ട നടപടി സ്വീകരിക്കുന്നുണ്ട്. ലക്ഷദ്വീപിനെ സഹായിക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്. അവരുടെ കപ്പല്‍ ഉപയോഗിച്ച് മത്സ്യം കേരളത്തിലേക്ക് കൊണ്ടുവന്ന് കൊല്ലം പോര്‍ട്ടിനോട് ചേര്‍ന്ന സ്ഥലത്ത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ കഴിയും. മത്സ്യതൊഴിലാളികള്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ഇത് ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ
ഒക്ടോബർ 27 ഉദ്ഘാടനം ചെയ്യുന്ന ടഗ് വിഴിഞ്ഞത്തേക്ക് പോകും. എമിഗ്രേഷന്‍ ക്ലിയറന്‍സ് വരുമ്പോള്‍ ക്രൂ മാറുന്നതിനുള്ള സൗകര്യം കൊല്ലം പോര്‍ട്ടില്‍ ലഭിക്കും. വലിയ കപ്പലുകള്‍ക്ക് തുറമുഖത്ത് അടുക്കാന്‍ കഴിയുന്നില്ലെങ്കിലും കപ്പലിലേക്ക് എണ്ണ എത്തിക്കാന്‍ കഴിയും. ഇത്തരത്തില്‍ ബംഗ റിംഗ് സംവിധാനം ഉറപ്പാക്കും. അടുത്ത ജാനുവരിയോടെ തുറമുഖത്ത് സൗകര്യങ്ങള്‍ വിപുലപ്പെടുത്താം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.