ഇ-വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കാന്‍ സ്ഥലങ്ങള്‍ക്കായി വ്യക്തികളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെര്‍ട്ടും എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡും സംയുക്തമായാണ് സംസ്ഥാനത്ത് പലയിടങ്ങളിലായി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് എന്‍.എച്ച് മെയിന്‍ റോഡിന് സമീപം കറഞ്ഞത് 100 മീറ്റര്‍ സ്‌ക്വയര്‍ ലാന്‍ഡ് ഏരിയ ആവശ്യമാണ്. അനുയോജ്യമായ സ്ഥലവും 80 കിലോവാട്ട് ലോഡ് ലഭ്യമാക്കാനുള്ള സൗകര്യവും വേണം. ഇതു സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ മുഴുവന്‍ സംവിധാനവും സൗജന്യമായി അനെര്‍ട്ട് ഒരുക്കി നല്‍കും. 20 ലക്ഷത്തോളമാണ് പ്രതീക്ഷിക്കുന്ന ചെലവ്. പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഒരു യൂണിറ്റിന് 75 പൈസ എന്ന നിരക്കില്‍ ഭൂമിയുടെ ഉടമയ്ക്ക് വാടക നല്‍കാനാണ് തീരുമാനം.

സ്വകാര്യവ്യക്തികളുടെ ഭൂമിക്ക് സാങ്കേതിക സഹായം മാത്രമാണ് അനെര്‍ട്ട് ഒരുക്കുന്നത്. അനുയോജ്യമായ സ്ഥലമുള്ളവര്‍ക്ക് അനെര്‍ട്ടുമായി ബന്ധപ്പെട്ടാല്‍ ഇതു ലഭ്യമാകും. ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സൈറ്റ് സര്‍വേ, സൈറ്റ് സാധ്യത ഫ്രീസിബിലിറ്റി, ഇ.വി.സി.ഐ മെഷീന്‍ തിരഞ്ഞെടുക്കുന്നതിനുള്ള സാങ്കേതിക പിന്തുണ, സേവന കണക്ഷനുള്ള പിന്തുണ എന്നിവ അനെര്‍ട്ട് നല്‍കും. ഇ-വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ചെലവു കഴിഞ്ഞുള്ള ലാഭമെല്ലാം വ്യക്തികള്‍ക്ക് ലഭിക്കും. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ട തുക സംബന്ധിച്ച്് നിലവില്‍ തീരുമാനമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ടൗണ്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള അനെര്‍ട്ടിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തില്‍ ലഭിക്കും. ഫോണ്‍:- 0491 2504182, 9188119409