ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി ചെര്‍ക്കളയില്‍ പുതിയ കെട്ടിടം വരുന്നു. ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ശാന്തകുമാരി ടീച്ചര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ്, കെഡിപി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ഹാജിറ മുഹമ്മദ് കുഞ്ഞി, വാര്‍ഡ് മെംബര്‍ സുഫൈജ മുനീര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മേഖലയിലെ പൊതുജനങ്ങളുടെ പ്രധാന ചികിത്സാ കേന്ദ്രമായ പിഎച്ച്‌സിയെ കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിനാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 1.95 കോടിരൂപയാണ് പദ്ധതി ചെലവ്. കാസര്‍കോട് വികസകന പാക്കേജില്‍ നിന്ന് 1.35 കോടി രൂപയും പഞ്ചായത്തില്‍ നിന്ന് 25 ലക്ഷം രൂപയും എംഎല്‍എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പുതിയ ബ്ലോക്കില്‍ ആധുനിക രീതിയില്‍ നാല് ഡോക്ടര്‍മാരുടെ പരിശോധനമുറി, വിശാലമായ ഇരിപ്പിട സൗകര്യം, രോഗ പ്രതിരോധ കുത്തിവെയ്പ് ഹാള്‍, മൈനര്‍ ഒടി, ഫാര്‍മസി, ലാബ്, പാലിയേറ്റിവ് വിങ്്, പബ്ലിക്ക് ഹെല്‍ത്ത് വിങ്, ഓഫീസ്, കോണ്‍ഫറന്‍സ്ഹാള്‍, ജീവിത ശൈലിരോഗ ചികിത്സയ്ക്കുള്ള സൗകര്യം, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളോട് കൂടി ഒരേക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഹൈവേ റോഡരികില്‍ സ്ഥിതിചെയ്യുന്ന ആരോഗ്യ കേന്ദ്രത്തില്‍ പൂന്തോട്ടവും നിര്‍മിക്കും. പൊതുമരാമത്ത് വിഭാഗമാണ് നിര്‍മാണപ്രവര്‍ത്തിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ആറുമാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.