തിരുവനന്തപുരം: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. നെടുമങ്ങാടിന്‍ അഭയം പദ്ധതി, അതിജീവനം പരിശീലന കേന്ദ്രം, ജൈവഗ്രാമം പദ്ധതിയിലൂടെ സമാഹരിച്ച ലാഭവിഹിതം കൈമാറല്‍ എന്നീ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്തിനു പലതും ചെയ്യാന്‍ കഴിയുമെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തെളിയിച്ചു. ജനങ്ങളുടെ പൊതുതാത്പര്യം മനസിലാക്കി അവരെക്കൂടി സഹകരിപ്പിച്ചാണ് ബ്ലോക്കിലെ പദ്ധതികള്‍ ഓരോന്നും നടപ്പിലാക്കിയത്. കൃഷി, വിദ്യാഭ്യാസം, വ്യവസായം, മാലിന്യ നിര്‍മാര്‍ജനം എന്നീ രംഗങ്ങളില്‍ വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കി അവ വിജയിപ്പിക്കാന്‍ ബ്ലോക്കിനു കഴിഞ്ഞു. പുതിയ കേരളം സൃഷ്ടിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. പ്രഖ്യാപനങ്ങളെല്ലാം വിജയകരമായി നടപ്പാക്കിയ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ 50 പേര്‍ക്ക് താമസിച്ചു പരിശീലനം നേടാന്‍ കഴിയുന്ന അതിജീവനം പരിശീലന കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തിന് ഇതുവരെ ലഭിച്ച അവാര്‍ഡ് തുകയും സംഭാവനകളും ചേര്‍ത്ത് നിര്‍ദ്ധനരായ 46 അര്‍ബുദരോഗികള്‍ക്ക് പ്രതിമാസം 1,000 രൂപ ആജീവനകാലം ധനസഹായം നല്‍കുന്ന നെടുമങ്ങാടിന്‍ അഭയം എന്നീ പദ്ധതികളാണ് ഇന്നലെ(27 ഒക്ടോബര്‍) യാഥാര്‍ത്ഥ്യമായത്. ജൈവഗ്രാമം പദ്ധതിപ്രകാരം 2019-20ലെ ലാഭവിഹിതമായ അഞ്ച് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിനു കൈമാറുന്ന ചടങ്ങും നടന്നു.

ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍, ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.