കൃഷ്ണമേനോന്‍ ഗവ വനിതാ കോളേജിലെ അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു
സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ കോളേജുകള്‍ക്ക് ഉയര്‍ന്ന നാക് അക്രഡിറ്റേഷന്‍ സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അതിന് വേണ്ട പ്രവര്‍ത്തനങ്ങളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷ്ണമേനോന്‍ ഗവ വനിതാ കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 42 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 112 കോടി രൂപ ചെലവില്‍  47 പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സാകും റൂസയുടെ കീഴില്‍ സ്റ്റേറ്റ് ലെവല്‍ ക്വാളിറ്റി അഷുറന്‍സ് സെല്ലും രൂപീകരിച്ചത് കോളേജുകളില്‍ ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിനാണ്. സംസ്ഥാനത്ത് നാക് അക്രഡിറ്റേഷന്‍ ലഭിച്ച 29 സര്‍ക്കാര്‍ കോളേജുകളാണുള്ളത് . ഇത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഉന്നത വിദ്യാഭ്യാസത്തിന് മാത്രമായിട്ട് ഒരു മന്ത്രാലയം നിലവില്‍ വന്നത്. വിദൂരവിദ്യാഭ്യാസത്തിനായി ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിച്ചു. മലയാളം സര്‍വ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തു. സര്‍ക്കാര്‍ ആര്‍ട്സ് കോളേജുകളില്‍ 562 അധ്യാപക നിയമനങ്ങളും 436 അനധ്യാപക നിയമനങ്ങളും നടത്തി. സര്‍വ്വകലാശാലകളില്‍ ഡിജിറ്റല്‍ ഫയല്‍ പ്രൊസസിങ്ങ് സംവിധാനം ഏര്‍പ്പെടുത്തി. കോളേജുകളുടെ അടിസ്ഥാന അക്കാദമിക വികസനത്തിനായി കിഫ്ബിയില്‍ നിന്ന് 700 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കി. പുതുതായി സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ മൂന്നും എയ്ഡഡ് മേഖലയില്‍ അഞ്ചും ആരംഭിച്ചു. ബിരുദ ബിരുദാനന്തര തലത്തില്‍ 59 കോഴ്സുകള്‍ പുതുതായി തുടങ്ങി. ഇതുവഴി ഇരുപതിനായിരത്തോളം സീറ്റ് വര്‍ദ്ധിച്ചു. കൊവിഡ് കാലത്ത് ഉപരിപഠനം സമ്പൂര്‍ണ ഡിജിറ്റല്‍ രംഗത്തേക്ക് മാറ്റി സംസ്ഥാനം രാജ്യത്തിന് മാതൃകയായി. ഒരു വിദ്യാര്‍ഥിയെ മികച്ച മനുഷ്യനാക്കുകയാണ് വിദ്യാഭ്യാസ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യാപക-അനധ്യാപക തലത്തില്‍ നാനൂറോളം അധിക തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ റൂസ ഫണ്ടും പ്ലാന്‍ ഫണ്ടും വിനിയോഗിച്ച് രണ്ടര കൂടി രൂപ ചെലവിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍, വിപുലമായ ഹാള്‍, ക്ലാസ്സ് മുറി, കമ്പ്യൂട്ടര്‍ ലാബ്, ഭാഷ ലാബ്, കൃഷ്ണമേനോന്‍ ചരിത്ര മ്യൂസിയം തുടങ്ങിയവ പുതിയ ബ്ലോക്കില്‍ ഒരുക്കും. കോളേജ് ആരംഭിക്കുമ്പോള്‍ ആശംസ നേര്‍ന്ന് മൗണ്ട്ബാറ്റന്‍ പ്രഭു അയച്ച കത്ത് ചടങ്ങില്‍ ഡോ പി വി ബാലകൃഷ്ണന്‍ കോളേജിന് കൈമാറി.
വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലോകോത്തരനിലവാരമുള്ള കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, സോളാര്‍ ലാബ്, സ്‌കില്‍ സെന്റര്‍, ഗേള്‍സ് ഹോസ്റ്റല്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്നിവ ഉദ്ഘാടനം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീല്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി എസ് സുനില്‍കുമാര്‍, ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎല്‍എമാര്‍, എംപിമാര്‍,  ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
കൃഷ്ണമേനോന്‍ ഗവ വനിതാ കോളേജില്‍ നടന്ന പരിപാടിയില്‍ കെ കെ രാഗേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സി സീനത്ത്, വാര്‍ഡ് കൗണ്‍സിലര്‍ സി കെ വിനോദ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ഇ വി ഫാത്തിമ, വൈസ് പ്രിന്‍സിപ്പല്‍ കെ ഷാഹുല്‍ ഹമീദ്, ഐ ക്യൂ എ സി കോര്‍ഡിനേറ്റര്‍ ഡോ ഗിരീഷ് വിഷ്ണു നമ്പൂതിരി, റൂസ കോര്‍ഡിനേറ്റര്‍ ഡോ കെ  ശ്യാംനാഥ്, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് ഡോ ഒ എസ് ഫ്രാന്‍സിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.