ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന ഗ്രാമീണ തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. പയ്യന്നൂര്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന പുതിയ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമങ്ങളില്‍ നിന്നും അകന്നുപോയ പൊതു ഇടങ്ങളെ തിരികെ കൊണ്ടുവരുന്നതിനായാണ് പുതിയ തിയേറ്റര്‍ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. മണ്‍മറഞ്ഞ നവോത്ഥാന നായകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സ്മാരകങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും പണിയാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കലാമൂല്യമുള്ള ചിത്രങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ആധുനിക രീതിയില്‍ 100 സ്‌ക്രീനുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പയ്യന്നൂരില്‍ പുതിയ തിയേറ്റര്‍ വരുന്നത്. പയ്യന്നൂര്‍ നഗരസഭ പാട്ടത്തിന് വിട്ടുനല്‍കിയ 70 സെന്റ് സ്ഥലത്താണ് തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന തിയേറ്ററില്‍ രണ്ട് സ്‌ക്രീനുകളും 309 സീറ്റുകളും ഉണ്ടാകും. 4കെ ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍, മേന്മയേറിയ ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനം, ജെ ബി എല്‍ സ്പീക്കര്‍, സില്‍വര്‍ സ്‌ക്രീന്‍, ഇന്‍ വെര്‍ട്ടര്‍ ടൈപ്പ് ശീതീകരണ സംവിധാനം, നിരീക്ഷണ ക്യാമറകള്‍, വൈദ്യുതി തടസം ഒഴിവാക്കാന്‍ ആധുനിക ജനറേറ്ററുകള്‍, ഫയര്‍ ഫൈറ്റിങ്ങ് സംവിധാനം, ആധുനിക ത്രീഡി സംവിധാനം, സൗകര്യപ്രദമായ സോഫാ പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, എല്‍ ഇ ഡി ഡിസ്‌പ്ലേ, ആധുനിക ടോയ്‌ലറ്റ് സൗകര്യം, ലിഫ്റ്റ് സൗകര്യം, ക്യാന്റീന്‍, ആവശ്യമായ പാര്‍ക്കിങ്ങ് സൗകര്യം തുടങ്ങിയവ പുതിയ തിയേറ്റര്‍ സമുച്ചയത്തില്‍ ഉണ്ടാകും. 13.14 കോടി രൂപ ചെലവിലാണ് തിയേറ്റര്‍ സമുച്ചയം യാഥാര്‍ഥ്യമാക്കുക. പത്ത് മാസം കൊണ്ട് സമുച്ചയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് പയ്യന്നൂര്‍ നഗരസഭ. എന്നാല്‍ ആറു മാസം കൊണ്ടു തന്നെ അത് നാടിനു സമര്‍പ്പിക്കാന്‍ ആകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സി കൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായി. പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സി കൃഷ്ണന്‍ എം എല്‍ എ കെട്ടിടസമുച്ചയത്തിന് തറക്കല്ലിട്ടു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നഗരസഭാധ്യക്ഷന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍, ഉപാധ്യക്ഷ കെ പി ജ്യോതി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം മനോജ് കാന, മാനേജിംഗ് ഡയറക്ടര്‍ എന്‍ മായ ,സംവിധായകന്‍ ഷെറി, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൗണ്‍സലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
