മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം ട്രൈബല്‍ കോളനിയിലേക്കുള്ള റോഡ് നിര്‍മാണ പ്രവൃത്തി പി.വി അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഉച്ചക്കുളം കോളനിയിലേക്കുള്ള വനപാതയാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ജില്ലയില്‍ വനം വകുപ്പിന്റെ അനുമതിയോടെ നിര്‍മിക്കുന്ന ഏറ്റവും വലിയ റോഡാണിത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിക്കുന്നത്. 1750 മീറ്റര്‍ നീളത്തിലുള്ള റോഡിന് മൂന്ന് മീറ്റര്‍ വീതിയുണ്ടാവും. ഉച്ചക്കുളം, തീക്കടി ട്രൈബല്‍ കോളനികളിലെ 50 തൊഴിലുറപ്പ് തൊഴിലാളികള്‍ റോഡ് നിര്‍മാണത്തില്‍ പങ്കാളികളാവും.
തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ വാങ്ങുന്നതിന് 53 ലക്ഷവും, ബാക്കി തുക തൊഴിലുറപ്പിലെ കൂലി ഇനത്തിലും നല്‍കും. സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം ചെലവ് വരും. അണ്‍ സ്‌കില്‍ഡ് തൊഴിലാളികള്‍ക്ക് 2054 തൊഴില്‍ ദിനം ലഭിക്കും. കാട്ടാനശല്യമുള്ള മേഖലയില്‍ റോഡ് വരുന്നതോടെ കോളനി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമാവുന്നത്.