ആലപ്പുഴ : ആശയതലത്തിലെ ഇടപെടലുകളിലൂടെ സാംസ്കാരികരംഗത്ത് വലിയതോതിലുള്ള പുരോഗതി കൈവരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്നും മറ്റ് വകുപ്പുകളെ അപേക്ഷിച്ച് താരതമ്യേന പുറകോട്ട് നിന്നിരുന്ന സാംസ്കാരികവകുപ്പ് ഇന്ന് തലയുയര്ത്തിനില്ക്കുന്ന സാഹചര്യമാണുള്ളതെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് പറഞ്ഞു.
സാംസ്കാരിക വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ ഓര്‍മ്മിക്കാന്‍ നിരവധി ചടങ്ങുകളാണ് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 6500 വായനശാലകളെ ഉപയോഗപ്പെടുത്തി ഏഴരലക്ഷം ജനങ്ങളിലേക്ക് ഗുരു സന്ദേശം എത്തിക്കാനും, ഗുരുസ്മരണ നിലനിര്‍ത്തിക്കൊണ്ട് 55 കോടി രൂപ വകയിരുത്തി കൊല്ലം ജില്ലയില്‍ സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കാനും, തിരുവനന്തപുരത്ത് ഗുരു പ്രതിമ സ്ഥാപിക്കാനും, ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിക്കാനും സര്‍ക്കാരിന് സാധിച്ചു. ചിറയന്‍കീഴില്‍ മഹാനടന് പ്രേംനസീറിന്റെ മുപ്പതാം ചരമ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരില്‍ നിര്‍മ്മിച്ച സാംസ്കാരിക സമുച്ചയവും, നടന് സത്യന്റെ പേരില്‍ നിര്‍മ്മിച്ച ചലച്ചിത്ര അക്കാദമി കെട്ടിടവും, കാഥികന് സാംബശിവന്, സാഹിത്യകാരന് ഒളപ്പമണ്ണ, പക്ഷിശാസ്ത്രജ്ഞന്‍ ഇന്ദുചൂഡന്, എന്നിവരുടെ ഓര്‍മ്മക്കായി സ്ഥാപിച്ച സാംസ്കാരിക കേന്ദ്രങ്ങളും നാടിന്റെ കല സാംസ്കാരിക പൈതൃകം നിലനിര്‍ത്താന്‍ സാംസ്കാരിക വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരില്‍ വരാന്‍പോകുന്ന സാംസ്കാരിക സമുച്ചയത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി റ്റി. പി രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്ത് നടക്കുന്ന വികസന മുന്നേറ്റത്തിന്റെ അനുഭവസാക്ഷ്യമാണ് ചെങ്ങന്നൂരില്‍ ഉയരാന്‍ പോകുന്ന സാംസ്കാരിക കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരിക സമൂച്ചയത്തിന്റെ നിര്‍മ്മാണത്തിനായി ചെങ്ങന്നൂര്‍ ഗവ :ഐ. റ്റി. ഐയുടെ 20 ഏക്കര്‍ സ്ഥലത്ത് നിന്ന് 3 ഏക്കര്‍ വിട്ടുനല്‍കി.
എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി നാല്‍പ്പതു ലക്ഷം രൂപയും സാംസ്കാരിക വകുപ്പ് 50 ലക്ഷവും നാട്യഗൃഹം 20 ലക്ഷവും ചിലവഴിച്ചാണ് പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പുരാതന-ക്ലാസിക്കല്‍ കലകളുടെ പഠനഗവേഷണ കേന്ദ്രങ്ങള്‍, ചെങ്ങന്നൂരിന്റെ പ്രശസ്തി പരത്തിയ മഹാന്മാരുടെ അര്‍ദ്ധകായ ശില്പങ്ങള് ഉള്‍ക്കൊള്ളുന്ന ചിത്രമണ്ഡപം, 1200 ഇരിപ്പിടങ്ങള്‍ ഉള്ള സഭാഗൃഹം, അര്‍ദ്ധവൃത്താകൃതിയിലുള്ള തുറന്ന രംഗവേദി, സാഹിത്യസംവാദ മണ്ഡപങ്ങള്‍, ഉദ്യാനം, കുട്ടികളുടെ കളിയിടം, ഗ്രന്ഥശാല, വായനമുറി, ഭക്ഷണശാല തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നത്.
കൊടിക്കുന്നില്‍ സുരേഷ് എം. പി, സജി ചെറിയാന് എം. എല്‍. എ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ റ്റി. ആര്. സദാശിവന്, നഗരസഭ ചെയര്മാന് കെ. ഷിബു രാജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി അജിത, വൈസ് പ്രസിഡന്റ് ജി. വിവേക്, ജന പ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.