തൃശ്ശൂർ ജില്ലയിലെ വിവിധ മാതൃക പദ്ധതികളെ പരിചയപ്പെടുത്തുന്ന ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ വെബിനാര്‍ പരമ്പര ‘കനി’ ആരംഭിച്ചു. വെബിനാറിന്റെ ആദ്യ പരമ്പര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീലത എന്‍ കെ ജലസമൃദ്ധി വിഷയാവതരണം നടത്തി.

‘ജലസമൃദ്ധി, തെക്കുംകര ഗ്രാമപഞ്ചായത്ത് നാള്‍വഴികളിലൂടെ’ എന്ന വിഷയത്തില്‍ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ സംസാരിച്ചു. 5.86 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയതാണ് തെക്കുംകര ഗ്രാമപഞ്ചായത്തിലെ ജലസമൃദ്ധി പദ്ധതി. രണ്ടായിരത്തില്‍പരം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ ഗുണഭോക്താക്കളായി.
ഉപേക്ഷിച്ച ക്വാറികള്‍ മഴവെള്ള സംഭരണിയാക്കി കുടിവെള്ളവിതരണത്തിന് ഉപയോഗിച്ചതാണ് ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. കൂടാതെ തെക്കുംകര പഞ്ചായത്തിലെ പത്താഴക്കുണ്ട് – ചേപ്പാറ -വട്ടായി -വാഴാനി ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എങ്ങനെ ടൂറിസം വികസനം സാധ്യമാക്കാം എന്ന വിഷയവും സംസാരിച്ചു.
വരും ദിവസങ്ങളില്‍ ജലരക്ഷ ജീവരക്ഷ എന്ന ജില്ലാ പദ്ധതി, എളവള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കുളവെട്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കലും സംരക്ഷണവും, ക്ലീന്‍ പെരിഞ്ഞനം മാലിന്യനിര്‍മാര്‍ജ്ജന പരിപാടി, വിജ്ഞാന്‍ സാഗര്‍ ശാസ്ത്രസാങ്കേതിക പാര്‍ക്ക്, തൃശൂര്‍ കോര്‍പ്പറേഷന്‍ വടക്കേച്ചിറ ബസ് ഹബ്, കുന്നംകുളം ഗുരുവായൂര്‍ മുനിസിപ്പാലിറ്റി മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

കേരള വനഗവേഷണ സ്ഥാപനം റിസര്‍ച്ച് കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി വി സജീവ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ശിവരാമന്‍ വി വി, ഡി.ടി.പി.സി സെക്രട്ടറി ഡോ കവിത എ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണ വിഭാഗം മേധാവി ജോസഫയിന്‍ ജെ എന്നിവര്‍ സംസാരിച്ചു