അന്താരാഷ്ട്ര പൈതൃകത്തിൽ ഇടം നേടാൻ കൊടുങ്ങല്ലൂർ കോട്ടപ്പുറം മാർക്കറ്റ്. മാർക്കറ്റിന്റെ സമഗ്ര വികസനത്തിന് 2.40 കോടി രൂപയുടെ ധനസഹായം മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ചതായി അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ അറിയിച്ചു. നിലവിൽ കോട്ടപ്പുറം ചന്തയുടെയും പരിസര പ്രദേശങ്ങളുടെയും സംരക്ഷണം മുസിരിസ് പൈതൃക പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കി വരികയാണ്. മാർക്കറ്റിനുള്ളിൽ സ്ഥിതി ചെയ്യുന്ന പഴക്കമുള്ള പൈതൃക കെട്ടിടങ്ങൾ അതിന്റെ തനിമ നഷ്ടപ്പെടാതെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു പോരുന്നത്. പദ്ധതിയുടെ ഭാഗമായി കെട്ടിടങ്ങളുടെ ഗതകാല പ്രൗഡിക്ക് കോട്ടം തട്ടാതെ തനതായ ശൈലിയിൽ മേൽക്കൂരകളിൽ ഓടുകൾ പാകി നവീകരിച്ചും തെരുവുകളുടെ പൈതൃക തനിമ നിലനിർത്തി വിളക്കുകൾ സ്ഥാപിച്ചു വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരങ്ങളും ഇതിലൂടെ നടപ്പിലാക്കും. മുഴുവൻ സംരക്ഷണ നവീകരണ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കി കഴിയുമ്പോൾ പ്രദേശം ലോക പൈതൃക ഇടങ്ങളിൽ സ്ഥാനം ഉറപ്പിക്കും.
രണ്ടു പതിറ്റാണ്ട് മുമ്പുവരെ മധ്യകേരളത്തിലെ ഗ്രാമീണ കച്ചവടമേഖലയെ നിയന്ത്രിച്ചിരുന്ന ചന്തയായിരുന്നു കൊടുങ്ങല്ലൂർ കോട്ടപ്പുറം ചന്ത. ഇന്ന് തിങ്കളും വ്യാഴവും മാത്രമാണ് മാർക്കറ്റ് സജീവമാകുന്നത്. പലവ്യഞ്ജന സാധനങ്ങളുടെ വില്‍പ്പനയാണ് പ്രധാനമായും നടക്കുന്നത്. കിഴക്ക് വിജയന്‍ തോടും തെക്ക് കോട്ടപ്പുറം കായലും അതിരിടുന്ന ഒന്നരയേക്കറോളം സ്ഥലത്താണ് ചന്ത. ആദ്യകാലങ്ങളില്‍ നാടന്‍ ഉത്പന്നങ്ങളായിരുന്നു അധികവും. കശുവണ്ടി, അടയ്ക്ക, പുന്നക്കുരു, കരിങ്ങോട്ടുംകായ, മരോട്ടിക്കുരു, കോഴിമുട്ട, കോഴി, താറാവ്, നാളികേരം തുടങ്ങിയവയുടെ പ്രധാന വിപണി. ഇവ വിറ്റ് പലവ്യഞ്ജനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ വലിയ സംഘങ്ങള്‍ പുലര്‍ച്ചെ മുതല്‍ ചന്തയില്‍ എത്തിയിരുന്നു.
പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ പുരാതനമായ ചന്തയ്ക്ക് പുതിയ മാനം കൈ വന്നു. കോട്ടപ്പുറം ചന്തയിലെ ആംഫി തിയറ്ററും കോർണിഷും സായാഹ്‌നങ്ങളിൽ ആളുകൾക്ക് വിശ്രമകേന്ദ്രവും സാംസ്കാരിക കേന്ദ്രവുമായി. ഇവിടെയുള്ള കെട്ടിടങ്ങളുടെ പുറം ചുവരുകളിൽ ചേരമാൻ ജുമാ മസ്ജിദ്, കീഴ്ത്തളി ശിവക്ഷേത്രം, മാർത്തോമ തീർഥാടന കേന്ദ്രം, പാലിയം കൊട്ടാരം തുടങ്ങിയവയുടെ ചിത്രങ്ങൾ അഴകോടെ വരച്ചു ചേർത്തിരിക്കുന്നു. പുരാതനമായ ചന്തയുടെ ചിത്രവും ശ്രദ്ധേയമാണ്. പ്രളയത്തിന്റെ ഓർമച്ചിത്രവും ചുവരിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ജീര്‍ണത ബാധിച്ച കെട്ടിടങ്ങളും തെരുവുകളും നടപ്പാതകളും നിറഞ്ഞ ചന്തയെ മാറ്റിയെടുക്കാനും പഴയപ്രതാപം പുനഃസ്ഥാപിക്കാനുമാണ് മുസിരിസ് പൈതൃക പദ്ധതി ലക്ഷ്യമിട്ടത്. അതിൽ പദ്ധതി വിജയം കണ്ടെത്തിയെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ് പറഞ്ഞു.