തൃശ്ശൂർ: നിർമാണം പൂർത്തീകരിച്ച ഒളരിക്കര വായനശാല കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ ഓൺലൈനിൽ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്ററിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
45 ലക്ഷം രൂപ ചെലവഴിച്ച്
നിർമ്മിച്ച വായനശാല കെട്ടിടത്തിൽ ലൈബ്രറി, ഓഫീസ് റൂം ,യുവജനങ്ങൾക്കായുള്ള മുല്ലനേഴി പി എസ് സി കോച്ചിങ് സെൻ്റർ, വനിതകൾക്കുള്ള യോഗ സെന്റർ, റഫറൻസ് ലൈബ്രറി എന്നിവ ഒരുക്കിയിരിക്കുന്നു.
വായനശാലയുടെ സപ്തതി വർഷമായ 2019 ലാണ് കെട്ടിട നിർമാണം ആരംഭിച്ചത്.
മുല്ലനേഴി പി എസ് സി കോച്ചിംഗ് സെൻററിന്റെയും വനിതകൾക്കായുള്ള യോഗ സെൻററിന്റെയും ഉദ്ഘാടനം മേയർ അജിത ജയരാജനും റഫറൻസ് ലൈബ്രറി ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫീസർ ഇടി ഡേവിസും ലൈബ്രറി ഉദ്ഘാടനം ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തിയും നിർവഹിച്ചു. ഒളരി ഗ്രാമീണ വായനശാല സെക്രട്ടറി സുനിൽ ബാബു എം ഡി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, വാർഡ് കൗൺസിലർ അനൂപ് ഡേവിസ് കാട, ഒളരിക്കര ദേവസ്വം പ്രസിഡന്റ് ശശിധരൻ പാറയിൽ, ലിറ്റിൽ ഫ്ലവർ പള്ളി ഇടവക വികാരി റവ.ഫാ. ഡോ ഷാജു ഊക്കൻ തുടങ്ങിയവർ പങ്കെടുത്തു.