മലപ്പുറം: പ്രകൃതിസംരക്ഷണവും കാര്‍ഷിക പ്രോത്സാഹനവും ലക്ഷ്യമിട്ട് പൊന്നാനി നഗരസഭ നടത്തുന്ന ശ്രദ്ധേയ പദ്ധതികളിലൊന്നായ ഹരിത ഭവനം പദ്ധതിയിലുള്‍പ്പെട്ട വീടുകള്‍ക്ക് ധനസഹായം കൈമാറി. 14,500 രൂപയാണ് വാര്‍ഷിക സമ്മാനമായി പൊന്നാനി നഗരസഭ നല്‍കിയത്.
 നഗരസഭയുടെ നടപ്പു വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹരിത ഭവനം നടപ്പാക്കുന്നത്. അഞ്ച് ഘടകങ്ങളാണ് പദ്ധതിക്കായി പരിഗണിക്കുന്നത്.  ശാസ്ത്രീയമായ തെങ്ങിന്‍ തടം, മഴവെള്ള സംഭരണം എന്നിവയാണ് ഒരു ഘടകം.  ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ എന്നിവ രണ്ടാമത്തെ ഘടകം. പത്ത് സെന്റില്‍ പച്ചക്കറി കൃഷി അല്ലെങ്കില്‍ മട്ടുപ്പാവില്‍ കൃഷി, മൃഗസംരക്ഷണം, ഊര്‍ജസംരക്ഷണത്തിനായി  എല്‍.ഇ.ഡി ബള്‍ബ് അല്ലെങ്കില്‍ സോളാര്‍ ഇവയാണ് അഞ്ചു ഘടകങ്ങള്‍. ഇവയെല്ലാമുള്ള വീടുകളെയാണ് ഹരിത ഭവനമായി പ്രഖ്യാപിക്കുന്നത്.
ഒന്നോ, രണ്ടോ ഘടകങ്ങള്‍ കുറവുള്ളവയേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അഞ്ച് ഘടകങ്ങളുമുള്ള വീടുകള്‍ക്ക് 14500 രൂപ സമ്മാനമായി നല്‍കും. നിര്‍ദ്ദേശിച്ച ഘടകങ്ങള്‍ കുറവുള്ളവയ്ക്ക് തുകയും കുറയും. കൃഷിയും പ്രകൃതിയും സംരക്ഷിക്കുന്ന വീടുകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഹരിത ഭവനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, നഗരസഭ വര്‍ക്കിങ് ഗ്രൂപ്പുകള്‍ എന്നിവ സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 വീടുകള്‍ ഹരിത ഭവനങ്ങളായി തെരഞ്ഞെടുത്തു.