കൊല്ലം-ചെങ്കോട്ട പാതാവികസനത്തിന്റെ ഭാഗമായ കല്ലുംതാഴം-കരിക്കോട്-കുണ്ടറ റോഡ് വികസനത്തിന് സ്ഥലമെറ്റെടുക്കുമ്പോള്‍ ഉപജീവനമാര്‍ഗം നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന്  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും  വ്യാപാരികളുടെ പുനരധിവാസവും സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാര്‍ നീതിപൂര്‍വ്വം പരിഹരിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടായ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. മൂന്നാംകുറ്റി, കോയിക്കല്‍ പ്രദേശങ്ങളിലെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വരുംദിവസങ്ങളില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ഗതാഗത പ്രശ്‌നങ്ങള്‍ ഏറെയുള്ള കരിക്കോട് മേഖലയിലെ ഷാപ്പ് ജംഗ്ഷന്‍ മുതല്‍ സുപ്രീം ബേക്കറി വരെ 30 മുതല്‍ 37 മീറ്റര്‍ വരെയാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടേയും സ്വന്തമായും വാടകയ്ക്കും പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടേയും  കൃത്യമായ വിവരം കണ്ടെത്തി സമര്‍പ്പിക്കാന്‍ കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റിന് മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിസംബര്‍ മാസത്തില്‍  കിഫിബിയ്ക്ക് സമര്‍പ്പിക്കും.